പള്ളികൾക്കെതിരായ ആക്രമണത്തെ തുടർന്ന് രഹസ്യമായി പ്രാർത്ഥിച്ച് നൈജീരിയയിലെ കത്തോലിക്കർ

ബോക്കോ ഹറാം തീവ്രവാദ ഗ്രൂപ്പിനാൽ വളരെക്കാലമായി പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹമാണ് നൈജീരിയയിൽ ഉള്ളത്. നശിപ്പിച്ചതിന് ശേഷം ഉപേക്ഷിക്കപ്പെട്ട പള്ളികളിൽ വീണ്ടും പോയി പ്രാർത്ഥന നടത്തുവാൻ ഇവിടെയുള്ള ക്രൈസ്തവർ ഭയപ്പെടുന്നു. അതിനാൽ നൈജീരിയയിലെ കത്തോലിക്കർ രഹസ്യമായി പ്രാർത്ഥിക്കാൻ ഒത്തുകൂടിയതായി കാരിത്താസ് നൈജീരിയയുടെ വക്താവ് റിപ്പോർട്ട് ചെയ്തു.

2009 -ൽ ഉയർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു തീവ്ര ഗ്രൂപ്പാണ് ബോക്കോ ഹറാം. ഈ പേര് സൂചിപ്പിക്കുന്നത് ‘പാശ്ചാത്യ വിദ്യാഭ്യാസം നിരോധിച്ചിരിക്കുന്നു’ എന്നാണ്. ഇവർ വർഷങ്ങളായി നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെ ഭീകരാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ആക്രമണത്തെ തുടർന്ന് ഇന്നുവരെ രാജ്യത്തുടനീളം 2.4 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ട്.

തീവ്രവാദ ഗ്രൂപ്പിന്റെയും മറ്റ് സായുധ തീവ്രവാദികളുടെയും കലാപത്തിനിടെ നിരവധി പട്ടണങ്ങൾ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നശിപ്പിക്കപ്പെട്ടുവെന്ന് കാരിത്താസ് നൈജീരിയയുടെ വക്താവ് ഡോറിസ് എംബാസു മാർച്ച് 23 -ന് എസിഐ ഗ്രൂപ്പിന്റെ ഏജൻസിയായ എസിഐ ആഫ്രിക്കയോട് പറഞ്ഞു. ക്രിസ്ത്യാനികൾ അനുഭവിച്ച കഷ്ടപ്പാടുകളുടെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നത് പള്ളികൾ ഉൾപ്പെടെയുള്ള ഇടവക കേന്ദ്രങ്ങൾ ആണ്. അതിലൊന്നാണ് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ അദമാവ സംസ്ഥാനത്തെ യോല രൂപത. ഇവിടെ ഉപേക്ഷിക്കപ്പെട്ട പള്ളികളും സഭാ കെട്ടിടങ്ങളും സർവ സാധാരണമായ കാഴ്ച്ചയായി മാറിയിരിക്കുന്നു. ബൊർനോ സംസ്ഥാനത്തെ മൈദുഗുരി രൂപതയിലും ഇപ്രകാരമുള്ള ആക്രമണങ്ങൾ രൂക്ഷമായ പ്രത്യാഘാതങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

തീവ്രവാദ ആക്രമണങ്ങളെ ഭയന്ന് കത്തോലിക്കർ പള്ളികളിലും ഇടവക കേന്ദ്രങ്ങളിലും പ്രാർത്ഥിക്കുന്ന രീതി നിറുത്തി, രഹസ്യകേന്ദ്രങ്ങളിൽ ഒരുമിച്ച് കൂടുന്ന ഒരു ശൈലിയിലേക്ക് മാറിത്തുടങ്ങി. കാരണം പള്ളികളിൽ ഒന്നിച്ചു കൂടുമ്പോൾ തീവ്രവാദ സംഘടനകൾ അവരെ കൊല്ലുമെന്ന് അവർക്കറിയാം. എന്നാൽ, തങ്ങളുടെ വിശ്വാസത്തിനായി ജീവൻ അർപ്പിക്കുന്ന പുരോഹിതന്മാരും സെമിനാരി വിദ്യാർത്ഥികളും ഇവിടത്തെ ജനങ്ങൾക്ക് വലിയ പ്രചോദനമാണ്. തങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കൂടുതൽ ആളുകൾ ഇവിടെ മരിക്കാൻ തയ്യാറാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.