മാതൃവിചാരങ്ങൾ 02: സ്വർഗറാണിയായ അമ്മ മറിയം

സി. റെറ്റി എഫ്. സി. സി.

സ്വർഗറാണിയായ മറിയം (Ad caeli Reginam-Queen of Heaven) മറിയം, കന്യകയായ ദൈവമാതാവ് (എമ്മേ ദ് ആലാഹ) ഒരു രാജ്ഞിയുടെ മഹത്വത്തോടെ സ്വർഗീയസൗഭാഗ്യത്തിൽ കിരീടമണിഞ്ഞിരിക്കയാൽ, മുഴുവൻ ലോകത്തെയും ഒരമ്മയുടെ ഔത്സുക്യത്തോടെ ഭരിക്കുന്നുവെന്ന് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ മറിയത്തെപ്പറ്റി പഠിപ്പിക്കുന്നു. ഫാത്തിമായിൽ വണങ്ങപ്പെടുന്ന കന്യകമറിയത്തിന്റെ അത്ഭുതരൂപത്തിൽ സുവർണ്ണകിരീടം ചാർത്തിയപ്പോഴാണ് മറിയം സർവാധിപത്യത്തിന്റെ മുന്നോടിയെന്ന സന്ദേശം ലോകത്തിനു നൽകിയത്. ദൈവം സൃഷ്‌ടിച്ച മറ്റു മനുഷ്യരെക്കാൾ കൂടുതൽ കൃപാവരത്തിൻ്റെ ആനുകൂല്യങ്ങൾ അത്യുന്നതന്റെ പുത്രനെ പ്രസവിച്ച അവൾക്കു ലഭിച്ചുവെന്നു  ആദിമകാലം മുതൽ വിശ്വസിച്ചുപോന്നു. “അത്യുന്നതന്റെ പുത്രൻ എന്നേക്കും ഭവനം ഭരിക്കും” (ലൂക്ക 1:32). “അവിടുന്ന് സമാധാനത്തിന്റെ രാജകുമാരനാണ്” (ഏശയ്യാ 9:6). “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവുമാണ്” (വെളി. 19:16). ആ അമ്മയും മകനും തമ്മിലുള്ള അവഗാഢമായ ബന്ധം തന്നെ ദൈവമാതാവിന്റെ പരമമായ രാജകീയമഹത്വം കാണിക്കുന്നു. അതുകൊണ്ട്, സഭയുടെ ആദിമഗ്രന്ഥകർത്താക്കൾ മറിയത്തെ ‘രാജാവിന്റെ അമ്മ’യെന്നും ‘കർത്താവിന്റെ അമ്മ’ യെന്നും വിളിച്ചതിൽ വിസ്‌മയിക്കാനില്ല.

മറിയത്തിന്റെ പുത്രൻ എന്നേക്കും വാഴുമെന്ന് (ലൂക്ക 1:32) പ്രവചിച്ച മുഖ്യദൂതനായ വി. ഗബ്രിയേലിന്റെ വാക്കുകളുടെയും മറിയത്തെ ആദരപൂർവം സ്വാഗതം ചെയ്യുകയും അവളെ ‘എന്റെ കർത്താവിന്റെ അമ്മ’ (ലൂക്ക 1: 43) എന്നു വിളിക്കുകയും ചെയ്ത എലിസബത്തിന്റെ വാക്കുകളുടെയും അടിസ്ഥാനത്തിൽ തങ്ങളുടെ നിലപാട് ഉറപ്പിച്ചവരാണ് ആ ഗ്രന്ഥകാരന്മാർ. അവൾ തന്റെ പുത്രന്റെ രാജകീയമഹത്വത്തിൽനിന്ന് ഔന്നത്യവും ശ്രേഷ്‌ഠതയും സ്വീകരിച്ചുവെന്ന് അവർ അങ്ങനെ വ്യക്തമായി സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് വി. എഫ്രേം കാവ്യാത്മകപ്രചോദനത്താൽ ജ്വലിച്ച് മറിയത്തെ ഇങ്ങനെ പറയുന്നവളായി ചിത്രീകരിച്ചത്. ‘സ്വർഗം തന്റെ ആശ്ലേഷത്തിൽ എന്നെ താങ്ങിനിർത്തട്ടെ.’ മറ്റൊരിടത്ത് അദ്ദേഹം അവളോട് ഇങ്ങനെ പ്രാർഥിക്കുന്നു: ‘നാശം വിതയ്ക്കുന്ന സാത്താൻ എന്നെ തോല്പിച്ച് അഹങ്കരിക്കാതിരിക്കാനും എന്റെ ദുഷ്‌ടശത്രു എന്റെമേൽ വിജയം വരിക്കാൻ ഇടയാകാതിരിക്കാനുംവേണ്ടി, മഹോന്നതയും സ്വർഗീയവനിതയുമായവളേ, സ്വാമിനീ (Domina), റാണി (Regina), എന്നെ നിന്റെ ചിറകിൻകീഴിൽ നിർത്തുകയും സംരക്ഷിക്കുകയും ചെയ്യണമേ.”

വി. ജെറോം പറയുന്നു: “മറിയം എന്നതിന് സുറിയാനി ഭാഷയിൽ ‘സ്വാമിനി’ എന്നാണർഥം. പിൻകാലത്ത് വി. ക്രിസോലോഗൂസ് ഇതേ കാര്യം കൂടുതൽ വ്യക്തമായി പറയുന്നു: “മറിയം എന്ന ഹീബ്രുപദത്തിന്റെ അർഥം സ്വാമിനി (Domina, പ്രഭ്വി) എന്നാണ്. മാലാഖ അതുകൊണ്ട് അവളെ ‘സ്വാമിനി’ എന്നു വിളിക്കുന്നു. ‘കർത്താവിന്റെ അമ്മയിൽനിന്ന് ദാസ്യത്തിന്റെ സർവഭയവും മുൻകൂട്ടി നീക്കിക്കളയാനാണത്. അവൾ തന്റെ പുത്രന്റെ അധികാരവും കല്പനയുംകൊണ്ട് ജനിക്കുകയും സ്വാമിനിയെന്നു വിളിക്കപ്പെടുകയും ചെയ്തു.’ വി. ജോൺ ഡമഷീൻ മറിയത്തെ ഇങ്ങനെ വിളിക്കുന്നു: “റാണീ, ഭരിക്കുന്നവളേ, നാഥേ” എല്ലാ സൃഷ്‌ടികളുടെയും രാജ്ഞീ.

പൗരസ്ത്യസഭയുടെ മറ്റൊരു പ്രാചീന ഗ്രന്ഥകാരൻ മറിയത്തെ ഇപ്രകാരം അഭിസംബോധനം ചെയ്യുന്നു: ‘വിശേഷാനുകൂല്യമുള്ള റാണീ’, ‘തന്റെ പുത്രനായ രാജാവിന്റെ അരികിലിരിക്കുന്ന ശാശ്വതരാജ്ഞീ, അവിടത്തെ മഞ്ഞുപോലെ വെളുത്ത നെറ്റിയിൽ സ്വർണ്ണമകുടം ചൂടിയിരിക്കുന്നല്ലോ.’ എന്നാൽ, കന്യകാമറിയത്തിന്റെ ദൈവികമാതൃത്വം മൂലം മാത്രമല്ല അവളെ റാണിയെന്നു വിളിക്കേണ്ടത്. പിന്നെയോ, നമ്മുടെ നിത്യരക്ഷയുടെ കർമ്മത്തിൽ അവൾക്ക് അസാധാരണമായ ഒരു ധർമ്മം ഉണ്ടായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചതുകൊണ്ടും അവളെ അപ്രകാരം വിളിക്കണം.

നമ്മുടെ അമ്മ സ്വർഗറാണിയായതിനാൽ നമുക്കും അഭിമാനിക്കാം. സ്വർഗത്തിൽ നമുക്കൊരു അമ്മയും റാണിയും ഉണ്ടെന്ന വിശ്വാസത്തിൽ ഭൂമിയിൽ വിശുദ്ധരായി വിശ്വസ്തയോടെ നമുക്കു ജീവിക്കാം.

സി. റെറ്റി ജോസ് FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.