
പാപം ചെയ്യാനുള്ള പ്രവണത മനുഷ്യസഹജമാണ്. പാപസാഹചാര്യങ്ങളാല് ചുറ്റപ്പെട്ട ഒരു ലോകത്തില്‍ പാപത്തിലേക്കു വീഴുക എന്നത് സാധാരണമാണ് എങ്കിലും അതിനെ തിരിച്ചറിഞ്ഞ് തിരുത്താന്‍ നാം തയ്യാറായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദൈവത്തിലേക്ക് മടങ്ങിവരാന്‍, പോയതിലും വേഗത്തില്‍ ഓടിയെത്താനുള്ള ആഗ്രഹം, അതാണ് പ്രധാനപ്പെട്ടത്.
എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം ‘ഞാന്‍ പാപിയാണെ’ന്ന തോന്നല്‍ അവരെ തിരികെ ദൈവത്തിലേക്ക് ഓടിയെത്തുന്നതിന് ഒരു തടസ്സമായി നില്ക്കുന്നു. ഞാന്‍ പാപിയാണ്, ദൈവസന്നിധിയില്‍ നില്ക്കാന് എനിക്ക് യോഗ്യതയില്ല എന്നതാണ് ഈ കൂട്ടര് ചിന്തിക്കുന്നത്. ഇവര്‍ക്കായി ഇറ്റാലിയന്‍ പുരോഹിതന് ഫാ. ലോറെന്‍സോ സ്കുപ്പോളി ശക്തമായ ആത്മീയ ഉപദേശം നല്‍കുന്നുണ്ട്. “നിങ്ങള്‍ പാപിയും ബലഹീനനും ആണെന്ന തോന്നല്‍ നിങ്ങളെ വലയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ചില പാപങ്ങള്‍ ചെയ്യാനുള്ള ശക്തമായ പ്രലോഭനം ഉണ്ടാകുമ്പോള്‍ ആകുലപ്പെടുകയോ, സങ്കടപ്പെടുകയോ അരുത്. പകരം ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുക” – അദ്ദേഹം പറയുന്നു.
ദൈവത്തിനു നന്ദി പറയുക. അവിടുത്തെ അധികം സ്നേഹിക്കുക. പാപത്തിലൂടെ നിങ്ങള്‍ അവനെ വേദനിപ്പിച്ചപ്പോഴും മറ്റൊരു തെറ്റിലേക്ക് വീഴാതെ നിങ്ങളെ കരുതിയ, ക്ഷമിക്കാനായി കരങ്ങള്‍ വിരിച്ച അവിടുത്തെ കാരുണ്യത്തെ ഓര്‍ത്ത് അത്ഭുതപ്പെടുക. ദൈവത്തിന്റെ കാരുണ്യം നിറഞ്ഞ കരങ്ങളിലേക്ക് നിങ്ങളെത്തന്നെ സമര്‍പ്പിക്കുക.
ദൈവത്തിനെതിരായി വളരെ ഗുരുതരമായ ഒരു പാപം ചെയ്യുമ്പോള്‍ ദൈവം നമ്മോടു ക്ഷമിക്കുമോ എന്നതിലൊരു സംശയം നമ്മിലുണ്ടാകും. അത് നിരാശയിലേക്ക് നമ്മെ തള്ളിവിടും. പിശാചിന്റെ തന്ത്രമാണത്. ദൈവം എല്ലായ്പ്പോഴും നമ്മോടു ക്ഷമിക്കുകയും നാം അവിടുന്നിലേക്കു മടങ്ങിവരാനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നു. പാപിയാണല്ലോ ഞാന്‍, എനിക്ക് ദൈവത്തിലേക്ക് മടങ്ങിവരാന്‍ അര്‍ഹതയില്ല എന്നോര്‍ത്ത് നിങ്ങള്‍ നിരാശരാകുന്നുണ്ടെങ്കില് ഓര്‍ക്കുക, ദൈവം കാരുണ്യവാനാണ്. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവമാണ് അവിടുന്ന്. അവന് സ്നേഹമാണ്. ധൂര്‍ത്തപുത്രനെ പോലെ മടങ്ങിവരുമ്പോള്‍ ഒരു വിരുന്നു നല്കാന്, അനുഗ്രഹങ്ങള്‍ വാരിക്കോരി നല്കാന് കാത്തിരിക്കുന്ന ദൈവം. അതിനാല്‍ സങ്കടപ്പെടരുത്. വൈകരുത്, ആ പിതാവിലേക്ക് ഓടിയെത്താന്‍.