1805 നവംബർ 11 നാണ് ഡുറെൻസ്റ്റെയിൻ യുദ്ധം നടന്നത്. ഓസ്ട്രിയയിലെ വച്ചൗ താഴ്വരയ്ക്കും ഡാന്യൂബ് നദിക്കുമിടയിലുള്ള സ്ഥലമാണ് ഡുറെൻസ്റ്റെയിൻ. ഇവിടെവച്ച് തിയഡോർ മാക്സിം ഗസന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തെ റഷ്യ – ഓസ്ട്രിയ സംയുക്തസേന ആക്രമിക്കുകയായിരുന്നു. എന്നാൽ, ഫ്രഞ്ച് സൈന്യത്തിന്റെ മറ്റൊരു ട്രൂപ്പ് അവരുടെ രക്ഷയ്‌ക്കെത്തി. രാത്രി വൈകിയും നീണ്ട യുദ്ധത്തിൽ ഇരുപക്ഷവും വിജയം അവകാശപ്പെട്ടു. ഫ്രഞ്ച് സൈന്യത്തിന് മൂന്നിലൊന്നു സൈനികരെയും, റഷ്യ – ഓസ്ട്രിയ സംയുക്തസൈന്യത്തിന് പങ്കെടുത്തവരിൽ 16 ശതമാനത്തോളം സൈനികരെയും യുദ്ധത്തിൽ നഷ്ടപ്പെട്ടു.
വിഖ്യാതനായ റഷ്യൻ നോവലിസ്റ്റ് ഫിയോഡോർ മിഖൈലോവിച്ച് ദസ്തയേവ്സ്കി ജനിച്ചത് 1821 നവംബർ 11 നാണ്. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഉപന്യാസകാരനും പത്രപ്രവർത്തകനുമായിരുന്നു റഷ്യൻ ഓർത്തോഡോക്സ് കുടുംബത്തിൽ ജനിച്ച അദ്ദേഹം. നിരവധി സാഹിത്യനിരൂപകർ അദ്ദേഹത്തെ ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളിൽ ഒരാളായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും വളരെ സ്വാധീനമുള്ള മാസ്റ്റർപീസുകളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സാഹിത്യകൃതികൾ 19-ാം നൂറ്റാണ്ടിലെ റഷ്യയിലെ കലുഷിതമായ രാഷ്ട്രീയ-സാമൂഹിക-ആത്മീയ അന്തരീക്ഷങ്ങളിലെ മനുഷ്യാവസ്ഥയെ പര്യവേഷണം ചെയ്യുന്നു. കുറ്റകൃത്യവും ശിക്ഷയും (1866), ദി ഇഡിയറ്റ് (1869), ഡെമൺസ് (1872), ദ അഡോളസെന്റ് (1875), ദ ബ്രദേഴ്സ് കരമസോവ് (1880) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലുകൾ.
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് 1918 നവംബർ 11 നായിരുന്നു. അന്ന് ഒപ്പുവച്ച വെടിനിർത്തൽ ഉടമ്പടിയാണ് യുദ്ധത്തിന് അനൗപചാരികായ അന്ത്യം കുറിച്ചത്. ജർമനിയും സഖ്യകക്ഷികളും തമ്മിലായിരുന്നു ഉടമ്പടി. 1914 ജൂലൈ 28 മുതൽ 1918 നവംബർ വരെ നടന്ന ലോകയുദ്ധത്തിൽ ഒരുകോടിയിലധികം സൈനികർ കൊല്ലപ്പെട്ടു. 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായ അവസാനമായത്. നവംബർ 11 ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായിരുന്നു വെഴ്സായ് ഉടമ്പടി.
റഫ്രിജറേറ്ററിന്റെ കണ്ടെത്തലിന് പേറ്റന്റ് ലഭിച്ചത് 1930 നവംബർ 11 നാണ്. ആൽബർട്ട് ഐൻസ്റ്റീൻ, ലിയോ സിലാർഡ് എന്നിവരാണ് റഫ്രിജറേറ്റർ കണ്ടെത്തിയത്. മോട്ടോർ നിയന്ത്രിത ശീതീകരണയന്ത്രമായ അതിൽ ചലിപ്പിക്കാവുന്ന ഭാഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അബ്സോർപ്ഷൻ റഫ്രിജിറേറ്റർ എന്നാണ് നിർമാതാക്കൾ അതിന് പേര് നൽകിയിരുന്നതെങ്കിലും പീന്നീട് ഐൻസ്റ്റീ റഫ്രിജിറേറ്റർ എന്ന് അറിയപ്പെട്ടുതുടങ്ങുകയായിരുന്നു. റഫ്രിജിറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്ന ഫെറോൺ എന്ന വാതകത്തിന്റെ കണ്ടെത്തലോടെയാണ് ഈ ഉപകരണം അപ്രസക്തമായത്. അമേരിക്കൻ പേറ്റന്റ് അതോറിറ്റിയാണ് ഈ ഉപകരണത്തിന് പേറ്റന്റ് നൽകിയത്.