പെസഹാ തിരുമണിക്കൂര്‍

പ്രാരംഭഗാനം

ഓ ദിവ്യമാം സ്‌നേഹമേ
ഓ ദിവ്യ കാരുണ്യമേ
തിരുവത്താഴ മേശയിലെ സമ്മാനമേ (2)
ഓ ദിവ്യമാ……………………
ആരാധന അങ്ങേക്കാരാധന (2)

കാര്‍മ്മി: പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന്
സമൂ: എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

കാര്‍മ്മി : പെസഹാ വ്യാഴത്തിന്റെ സമാപന ആരാധനയിലേക്ക് നാം പ്രവേശിക്കുകയാണ്. നമുക്ക് മുട്ടിന്മേല്‍ തന്നെ ആയിരിക്കാം. കൈകള്‍ കൂപ്പി ദിവ്യകാരുണ്യത്തിലേക്ക് നോക്കാം. എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. ഞാനും എന്റെ പിതാവും ഒന്നാണ്. ഈശോ നമ്മെ വഴി നടത്തുന്നത് പിതാവായ ദൈവത്തിലേക്കാണ്. എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുക എന്നുള്ളതാണ് എന്റെ ഭക്ഷണം (യോഹ 10:30). ഈ മലയിലോ ജറുസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല അത് ഇപ്പോള്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത് (യോഹ 4:21-24).

പ്രിയപ്പെട്ടവരെ ഇത് ആരാധിക്കാനുള്ള സമയമാണ്. പ്രാര്‍ത്ഥനയ്ക്കുള്ള സമയമല്ല. നന്ദി പറയേണ്ട സമയം. മഹത്വം കൊടുക്കേണ്ട സമയം. ദൈവം നമുക്ക് തരാത്തതായി ഒന്നുമില്ല. നമ്മുടെ ജനനം, ശരീരം, ബുദ്ധി, മനസ്, മാതാപിതാക്കള്‍, കഴിവ്, ജോലി, മക്കള്‍, നല്ല കാലാവസ്ഥ, വീട്. ഇനി നമ്മള്‍ എന്തെങ്കിലും ചോദിച്ചാല്‍ അത് സ്വാര്‍ത്ഥതയാണ്. കിട്ടിയ താലന്തുകളെ വളര്‍ത്തിയും വലുതാക്കിയും നന്ദിയോടെ മുന്നോട്ട്.

ദൈവമേ ആരാധന
ദൈവമേ നന്ദി
ദൈവമേ അങ്ങേക്ക് മഹത്വം. എന്ന് കണ്ണുകളടച്ച് മനസ്സില്‍ ആവര്‍ത്തിക്കാം.

(നിശബ്ദത -2 മിനിറ്റ്)

കാര്‍മ്മി : നമുക്ക് നമ്മുടെ കൈകള്‍ പിതാവായ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിപിടിക്കാം.
ആ സര്‍വ്വശക്തന് സ്തുതി കീര്‍ത്തനങ്ങള്‍ സമര്‍പ്പിക്കാം

കാര്‍മ്മി : അത്യുന്നതമാം സ്വര്‍ലോകത്തില്‍
സര്‍വ്വേശ്വരന് സ്തുതി ഗീതം (3)

സമൂ : ഭൂമിയിലെന്നും മര്‍ത്യനുശാന്തി
പ്രത്യാശയുമെന്നേക്കും (3)

കാര്‍മ്മി: നമുക്ക് ശാന്തമായി ഇരിക്കാം…കണ്ണുകളടക്കാം..
വിശദമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം ശാസ്ത്രജ്ഞന്മാര്‍ പുറത്തുവിട്ട വാര്‍ത്തകളുണ്ട്. അതില്‍ പ്രധാനപ്പെട്ടത്. ഇനി വരുന്ന മാസങ്ങളില്‍ പ്രകൃതിക്ഷോഭങ്ങളുടെ എണ്ണവും ഗൗരവവും വര്‍ദ്ധിക്കും എന്നുള്ളതാണ്. ഭൂമിയുടെ ഭ്രമണവേഗതയില്‍ വരുന്ന വ്യത്യാസം കാരണം ഭൂകമ്പങ്ങളും സുനാമികളും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും കൂടുതല്‍ കൂടുതലായി സംഭവിക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ നാം ഇതുവരെ കണ്ട പ്രകൃതിദുരന്തത്തിന്റെ പതിന്മടങ്ങായിരിക്കുമെന്നും പറഞ്ഞത് ലോകാവസാന പ്രവചനക്കാരല്ല എന്നത് ശ്രദ്ധേയമാണ്.

ലൂക്കാ 21,11 മുതല്‍ 25 വരെ വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു.
വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിരുമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമവുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ദയവും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അസ്ത്രപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും.

28-ാം വാക്യം -ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
ദൈവത്തിന്റെ മുന്‍പില്‍ ശിരസുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന വിശുദ്ധിയും, സത്യസന്ധതയും നമുക്കുണ്ടോ? ആത്മശോധന ചെയ്യാം.

(നിശബ്ദത 2 മിനിറ്റ്)

കാര്‍മ്മി : നമ്മുടെ ബലഹീനതകളെക്കുറിച്ചോ, അന്ധതയെക്കുറിച്ചോ ഭയപ്പെടാതിരിക്കുക, ക്രിസ്ത്യാനിയുടെ പ്രത്യാശ തന്നില്‍ തന്നെയല്ല; ദൈവത്തിലാണ്. ദൈവത്തിന് എല്ലാം സാധ്യമാണ്. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ദൈവത്തിന്റെ ആനന്ദത്തിലേക്ക് പ്രവേശിക്കാന്‍ നമുക്ക് കഴിയട്ടെ. നിങ്ങള്‍ക്ക് അനുഭവപ്പെട്ടാലും ഇല്ലെങ്കിലും -സ്‌നേഹത്തിന്റെ ആശ്ലേഷം – അത് ഇപ്പോള്‍ അവിടെ ലഭിക്കുന്നതാണ് ദൈവത്തിന്റെ സ്‌നേഹം മാറ്റമില്ലാത്തതാണ്. അവിടുന്ന് നമ്മോടു കൂടെയുണ്ട്. ഇന്നലെയും ഇന്നും നാളെയും എല്ലായ്‌പ്പോഴും.

നമുക്ക് നമ്മെതന്നെ ശാന്തരാക്കാം. വിശുദ്ധരാക്കാം, പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കാം. സര്‍വ്വശക്തന്റെ മുന്നില്‍ താഴ്മയോടെ നില്‍ക്കാം… എത്ര നല്ല വിളിയും നിയോഗവുമാണ് ദൈവം നമുക്ക് നല്കിയിരിക്കുന്നത്…

ആരാധിക്കാം നമുക്ക് ദൈവത്തെ
നന്ദിപറയാം ആ പിതാവിനോട്

ഗാനം: പകരങ്ങളില്ലാത്ത സ്‌നേഹം
പകരുന്ന ദിവ്യകാരുണ്യം
തിരുവോസ്തിയായി തിരുരക്തമായ്
ഈശോ വരുന്നോരും നിമിഷം
നീയെന്റെ സ്വന്തം
ഞാന്‍ നിന്റെ സ്വന്തം
ഇനിയെന്ത് സ്വര്‍ഗ്ഗീയ ഭാഗ്യം (2)

കാര്‍മ്മി: നമുക്ക് ശാന്തമായി ഇരിക്കാം.

എന്റെ ആത്മാവിന്റെ ആത്മാവായ പരിശുദ്ധാരൂപിയേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു. എന്നെ നയിക്കുക. എന്നെ ശക്തിപ്പെടുത്തുക. എന്നെ ആശ്വസിപ്പിക്കുക. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു പറയുക. അങ്ങയുടെ കല്പനകള്‍ എനിക്ക് തരിക. എന്നില്‍ നിന്ന് നീ ആഗ്രഹിക്കുന്നതെന്തും തരാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എനിക്ക് സംഭവിക്കാന്‍ അവിടുന്ന് അനുവദിക്കുന്നതെല്ലാം ഞാന്‍ സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു.

(നിശബ്ദം 1 മിനിറ്റ്)

കാര്‍മ്മി: അനുഭവിക്കുക: ദൈവം അവിടുത്തെ സ്‌നേഹത്താല്‍ നമ്മെ ശുശ്രൂഷിക്കുന്നു. ആശ്വസിപ്പിക്കുന്നു ശക്തിപ്പെടുത്തുന്നു, ശുദ്ധീകരിക്കുന്നു. പ്രിയപ്പെട്ടവരെ, യേശുവിന്റെ നാമം ഓരോരുത്തരും അവരവരുടെ ഉള്ളില്‍ ഒരു മന്ത്രം പോലെ ചൊല്ലുക. നിങ്ങളുടെ ഹൃദയത്തില്‍ അവിടുത്തെ സ്വീകരിക്കുക. നിശബ്ദതയിലേക്ക് മടങ്ങുക കര്‍ത്താവിനെ ആസ്വദിക്കുക. യേശുവില്‍ കേന്ദ്രീകൃതമായ ഒരു ജീവിതം നാം നയിക്കുമ്പോള്‍ നമുക്ക് ആനന്ദവും ആശ്വാസവും ലഭിക്കും ദൈവത്തില്‍ സന്തോഷിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

കാര്‍മ്മി: സ്‌നേഹമുള്ളവരെ, പരീക്ഷണത്തിന്റെയും, പ്രലോഭനത്തിന്റെയും, സന്തോഷത്തിന്റെയും, കൃതജ്ഞതയുടെയും, ഉത്കണ്ഠയുടെയും, അപേക്ഷയുടെയും, ഗീതിയുടെയും, ഭക്തിയുടെയും, ദു:ഖത്തിന്റെയും, പശ്ചാത്താപത്തിന്റെയും നിമിഷങ്ങളില്‍ നിങ്ങളുടെ ഹൃദയത്തെ ദൈവം ശാന്തതകൊണ്ട് നിറക്കും.
സങ്കീ.46:10 – ല്‍ നാം വായിക്കുന്നു. ശാന്തമാവുക ഞാന്‍ ദൈവമാണെന്നറിയുക.
നിശബ്ദതയുടെ ആഘോഷമാണ് വി. കുര്‍ബാന. ഭയഭക്തിജനകമായ ദിവ്യരഹസ്യം. നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റികൊടുക്കും എന്നാണ് അവന്റെ വചനം (യോഹ:21). അപ്പക്കഷണം മുക്കി ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ (യോഹ:26). കുര്‍ബാന സ്വീകരിക്കുന്നവനാണ് അവനെ ഒറ്റികൊടുക്കുക. യൂദാസായി അപ്പം സ്വീകരിച്ചാല്‍ സാത്താന്‍ പ്രവേശിക്കും എന്നുറപ്പാണ്. വചനത്തില്‍ വായിക്കുന്നു. അപ്പക്കക്ഷണം സ്വീകരിച്ചതിനെതുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു (യോഹ.11 27). നമുക്ക് നന്നായി ആത്മശോധന ചെയ്ത്, പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് കുര്‍ബാനയുടെ ആത്മീയത സ്വന്തമാക്കാം.

ഗാനം: ഇത്ര ചെറുതാകാന്‍ എത്രവളരേണം
ഇത്ര സ്‌നേഹിക്കാന്‍ എന്ത് വേണം.

കാര്‍മ്മി: നമുക്ക് മുട്ടിന്മേല്‍ ആയിരിക്കാം.

കഴിഞ്ഞതു കഴിഞ്ഞുപോയി. പഴയപാപങ്ങള്‍ക്ക് നമ്മെ സ്പര്‍ശിക്കാനാവില്ല. ഇന്നത്തെ ദുരിതങ്ങളെ പഴയ പാപങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ല. നിന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരിക. ഇന്നത്തെ ബുദ്ധിമുട്ടുകള്‍ ഇന്നത്തേക്ക് മതി എന്നു പറഞ്ഞുകൊണ്ട് എന്ത് ചെയ്യണമെന്ന് കര്‍ത്താവ് നമ്മെ പഠിപ്പിച്ചു. കുരിശ് വലിച്ചെറിയാനാണ് നമ്മുടെ സ്വഭാവ വാസന. വലിച്ചെറിയരുത് കുരിശിനെ നിരസിക്കരുത്. കര്‍ത്താവ് ക്ഷമിക്കുന്നു എന്നറിയുന്നത് വലിയ ആനന്ദകരമല്ലേ.

നമുക്ക് സാഷ്ടാംഗം പ്രണമിച്ച് ഈശോയുടെ ആശിര്‍വാദം സ്വീകരിക്കാം.
ദൈവം നമ്മുടെ ആത്മാവിനേക്കാള്‍, നമ്മുടെ അടുത്ത് നില്‍ക്കുന്നു. നമ്മുടെ ആത്മാവ് നില്ക്കുന്നത് തന്നെ ദൈവമെന്ന അടിസ്ഥാനത്തിന്മേലാണ്.

കാര്‍മ്മി: പരിശുദ്ധ ശരീരത്താലും…
വിലയേറിയ…

സമൂ: സകലേശാ ദിവ്യകടാക്ഷം..
തൂകണമേ വത്സല സുതരില്‍
നിര്‍മലരായ് ജീവിച്ചിടുവാന്‍
ചിന്തണമേ ദിവ്യവരങ്ങള്‍.

കാര്‍മ്മി : പരിശുദ്ധ ദിവ്യകാരുണ്യത്തിന്….(3)
സമൂ : എന്നേരവും ആരാധനയും…

ഫാ. സൈജു തുരുത്തിയില്‍ എം.സി.ബി.എസ്.

1 COMMENT

  1. വളരെ നല്ല ഒരു ആരാധനക്രമം ഈശോയെ മഹത്വപ്പെടുത്തുവാൻ സാധിച്ച നിമിഷങ്ങളായിരുന്ന. ഒത്തിരി നന്ദിയോടെ
    Prais the Lord

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.