
(അപ്പവും പാലും തയാറാക്കി വച്ചിരിക്കുന്നു. കുടുംബാംഗങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം ഒന്നുചേരുന്നു. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് പെസഹാ അപ്പം മുറിക്കൽ കര്‍മ്മത്തിന്റെ കാർമ്മികന്.)
കുടുംബനാഥന്: പിതാവിന്റെയും പുത്രന്റെയും പരിശുധാത്മാവിന്റെയും നാമത്തില്‍
എല്ലാവരും: ആമ്മേന്‍.
കുടുംബനാഥന്: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (എല്ലാവരും ചേര്‍ന്ന് പൂര്‍ത്തിയാക്കുന്നു)
കുടുംബനാഥന്: അടിമത്തത്തില്‍ കഴിഞ്ഞ ഇസ്രായേല്‍ ജനത്തെ വാഗ്ദത്ത നാട്ടിലേക്കാനയിച്ച്, ആ ഓര്‍മ്മ ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത ദൈവമേ, അങ്ങയുടെ പ്രിയപുത്രന് സ്ഥാപിച്ച പഴയ പെസഹായുടെ പൂര്‍ത്തീകരണമായ പുതിയ പെസഹായില്‍ പങ്കുപറ്റുന്ന ഞങ്ങളെയും, ഞങ്ങളുടെ പ്രിയപ്പെട്ടവരെയും രക്ഷയുടെ ഫലങ്ങള്‍ അനുഭവിക്കുവാന്‍ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും. ആമ്മേന്‍.
സങ്കീര്‍ത്തനം 136 (അല്ലെങ്കില്‍ നന്ദിയുടെ ഒരു ഗാനം പാടുന്നു)
കര്‍ത്താവിനു നന്ദി പറയുവിന്‍;
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്. (ഓരോ പാദത്തിനുശേഷവും ഇത് ആവര്‍ത്തിക്കുന്നു)
നാഥന്മാരുടെ നാഥന് നന്ദിപറയുവിന്‍
കര്‍ത്താവിനു നന്ദി പറയുവിന്‍
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.
കര്‍ത്താവ് മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവന്.
കര്‍ത്താവിനു നന്ദി പറയുവിന്‍.
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.
അവിടുന്ന് ഈജിപ്തുകാരുടെ ഇടയില്‍നിന്ന് ഇസ്രയേലിനെ മോചിപ്പിച്ചു
കര്‍ത്താവിനു നന്ദി പറയുവിന്‍.
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.
അവിടുന്ന് ചെങ്കടലിനെ രണ്ടായി വിഭജിച്ചു,
അതിന്റെ നടുവിലൂടെ ഇസ്രായേലിനെ നടത്തി.
കര്‍ത്താവിനു നന്ദി പറയുവിന്‍.
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.
അവിടുന്ന് തന്റെ ജനത്തെ മരുഭൂമിയിലൂടെ നയിച്ചു.
കര്‍ത്താവിനു നന്ദി പറയുവിന്‍.
അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്.
കുടുംബ നാഥ: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ അങ്ങയുടെ സ്നേഹത്തിന്റെ പൂര്‍ണ്ണതയായ പുതിയ പെസഹാ ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും, മഹത്വത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുന്ന അങ്ങയെ സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്കു വരുത്തുകയും ചെയ്യട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയില്‍ ഞങ്ങളങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും യോഗ്യരാകട്ടെ, എന്തുകൊണ്ടെന്നാല്‍ അങ്ങ് എല്ലാറ്റിന്റെയും സൃഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ എന്നേക്കും. ആമേന്‍
സുവിശേഷവായന: ലൂക്കാ 22, 7-20
പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു.
യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍.
അവര്‍ അവനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
അവന് പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന് നിങ്ങള്‍ക്കെതിരേ വരും. അവന് പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക.
ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?
സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന് നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.
അവര്‍ പോയി അവന് പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയുംചെയ്തു.
സമയമായപ്പോള്‍ അവന് ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലന്മാരും.
അവന് അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു.
ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല.
അവന് പാനപാത്രം എടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്തതിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍.
ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല.
പിന്നെ അവന് അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.
അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന് പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.
കാറോസൂസ
(കാറോസൂസ, മക്കള്‍ ഓരോരുത്തരായി ചൊല്ലുന്നു.)
പ്രാര്‍ത്ഥന 1: നമുക്കെല്ലാവര്‍ക്കും കൃതജ്ഞതയോടും സന്തോഷത്തോടുംകൂടെ ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു എന്നു ഏറ്റുപറയുന്നു.
എല്ലാവരും: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.
പ്രാര്‍ത്ഥന 2: ഇസ്രയേല്‍ജനത്തെ ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്കു നയിച്ച ദൈവമേ.
എല്ലാവരും: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.
പ്രാര്‍ത്ഥന 3: ഈജിപ്തില്‍ നിന്നുള്ള ഇസ്രയേല്‍ ജനത്തിന്റെ വിമോചനത്തിന്റെ ഓര്‍മ്മയ്ക്കായി പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഉദ്ബോധിപ്പിച്ച ദൈവമേ.
എല്ലാവരും: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.
പ്രാര്‍ത്ഥന 4: മനുഷ്യരോടുള്ള സ്നേഹത്താല്‍ ഈ ലോകം വിട്ടുപോകുന്നതിനുമുമ്പ് ഒരു പെസഹാതിരുനാളില്‍ ഓര്‍മ്മയ്ക്കായി എന്നുമനുഷ്ഠിക്കാന് പരിശുദ്ധ കുര്ബാനയെന്ന അവര്‍ണ്ണനീയ ദാനം നല്കിയ ദൈവമേ.
എല്ലാവരും: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.
പ്രാര്‍ത്ഥന 5: ഞങ്ങളുടെ ഈ ഭവനത്തെ ഈ കൂട്ടായ്മയുടെ ഭാഗമായിരിക്കുവാന്‍ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കുകയും ചെയ്ത ദൈവമേ.
എല്ലാവരും: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.
പ്രാര്‍ത്ഥന 6: ഞങ്ങളുടെ ഈ ഭവനത്തെ നിന്റെ ഇഷ്ടമനുസരിച്ച് രൂപപ്പെടുത്തുന്നതിനായി അത്യധ്വാനം ചെയ്ത ഞങ്ങളുടെ മണ്മറഞ്ഞുപോയ പ്രിയപ്പെട്ടവരെയോര്‍ത്ത്.
എല്ലാവരും: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.
പ്രാര്‍ത്ഥന 7: പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ഞങ്ങള്‍ കടന്നുപോകുന്ന അവസരങ്ങളില്‍ ഇസ്രായേല്‍ ജനത്തെ നയിച്ചതുപോലെ നിന്റെ കരത്താല്‍ ഞങ്ങളെ കാത്തുപരിപാലിച്ച ദൈവമേ.
എല്ലാവരും: ദൈവമേ ഞങ്ങളങ്ങേയ്ക്ക് നന്ദി പറയുന്നു.
പ്രാര്‍ത്ഥന 8: നമ്മുടെ ഈ കുടുംബത്തിന് ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങളെയുമോര്‍ത്ത് നന്ദി പറഞ്ഞുകൊണ്ട് നമുക്കെല്ലാവര്‍ക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.
എല്ലാവരും: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ അങ്ങേയ്ക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
കുടുംബനാഥന്: പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണമെന്നു പഴയഇസ്രായേലിനു നിര്‍ദ്ദേശം നല്കിയ ദൈവമേ, പുതിയ ഇസ്രായേലായ ഞങ്ങള്‍ സെഹിയോന്‍ശാലയില്‍ ശിഷ്യരോടൊത്ത് പെസഹാ ആഘോഷിച്ച ഈശോയുടെ മാതൃകയില്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. സെഹിയോന്‍ മാളികയുടെ പ്രതിരൂപമായിരിക്കുന്ന ഞങ്ങളുടെ ഈ ഭവനത്തില്‍ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമായ അപ്പത്തെയും പാലിനെയും നിന്റെ തൃക്കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. ഇവയെ നീ ആശീര്‍വദിക്കണമേ. ഈ അപ്പവും പാലും ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുമ്പോള്‍ ഇതു ഞങ്ങളുടെ കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും, കടന്നുപോയ വഴികളെ തിരിച്ചറിയുന്നതിനും, സ്വീകരിച്ച നന്മകള്ക്കു നന്ദിപറയുന്നതിനും, തെറ്റിപ്പോയ മാര്‍ഗ്ഗങ്ങളെ നേരെയാക്കുന്നതിനും അങ്ങനെ തേനും പാലും ഒഴുകുന്ന കാനാന്‍ദേശമായി ഞങ്ങളുടെ ഈ ഭവനം തീരുന്നതിനും അതുവഴിയായി സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കു നിത്യജീവന് ഉറപ്പുമായിത്തീരട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
എല്ലാവരും: ആമ്മേന്‍
(കുടുംബ നാഥൻ അപ്പം മുറിച്ചു പാലിൽ മുക്കി മുതിർന്നവർ മുതൽ പ്രായക്രമം അനുസരിച്ചു എല്ലാവർക്കും കൊടുക്കുന്നു.)
ഈ സമയത്ത് കൃതജ്ഞതയുടേതായ ഒരു ഗാനം ആലപിക്കുന്നു.
ഫാ. തോമസ് കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്
മറ്റൊരു പെസഹ അപ്പം മുറിക്കല്‍ – വീട്ടിലെ പ്രാര്‍ത്ഥന