
ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.
മൂന്നാം ദിവസം: കർമ്മലീത്താ സഭാംഗമാകാൻ ആഗ്രഹിച്ച ജോൺ പോൾ രണ്ടാമൻ
ദൈവശാസ്ത്ര പഠനത്തിന്റെ നാലാം വർഷം കർമ്മലീത്താ സഭയിൽ അംഗമാകാൻ കരോൾ വോയ്റ്റില ആഗ്രഹിച്ചിരുന്നു. ഇതേ വർഷം തന്നെ കരോളിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ ബ്ര. ലെനോർഡ് കോവാലോവ്കാ കർമ്മലീത്താ ആശ്രമത്തിലെ നോവിസ് മാസ്റ്ററായി നിയമിതനായി. ഈ നിയമനം ഒരു കർമ്മലീത്താ സഭാംഗമാകണം എന്ന അവന്റെ ആഗ്രഹത്തിനു ആക്കം കൂട്ടി. സേറേനയിലുളള (Czerna) കർമ്മലീത്താ ആശ്രമത്തിൽ ചേരുന്നതിനു കരോൾ അപേക്ഷ നൽകി. പക്ഷേ രൂപതാ സെമിനാരിയിൽ നിന്നു സന്യാസ ആശ്രമത്തിലേക്കു മാറുന്നതിനു ബിഷപ്പിന്റെ അനുമതി ആവശ്യമായിരുന്നു. സന്യാസ ആശ്രമത്തിൽ ചേരാൻ അനുമതി ആരാഞ്ഞ കരോളിനെ മെത്രാൻ നിരുത്സാഹപ്പെടുത്തുകയും പഠനം ആരംഭിച്ച സ്ഥലത്തു തന്നെ പൂർത്തിയാക്കാനും രൂപതാ വൈദീകനായി തുടരാനും ആവശ്യപ്പെട്ടു.
ഓ പരിശുദ്ധ ത്രിത്വമേ, ജോൺ പോൾ രണ്ടാമൻ പാപ്പയെ തിരുസഭയ്ക്കു നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. പിതാവിന്റെ ആർദ്രതയും ക്രിസ്തുവിന്റെ കുരിശിന്റെ മഹത്വവും പരിശുദ്ധാത്മ സ്നേഹത്തിന്റെ പ്രഭയും വിളങ്ങി ശോഭിക്കാൻ വിശുദ്ധനെ അങ്ങു യോഗ്യനാക്കിയല്ലോ.
അങ്ങയുടെ അനന്ത കാരുണ്യത്തിലും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ മധ്യസ്ഥതയിലും പൂർണ്ണമായും ശരണപ്പെട്ടു, നല്ല ഇടയനായ യേശുവിന്റെ പ്രതിരൂപമായി അവൻ തന്നെത്തന്നെ മാറുകയും അങ്ങുമായി നിത്യമായി ഒന്നായിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിശുദ്ധി ആണന്നു പഠിപ്പിക്കുകയും ചെയ്തുവല്ലോ. അങ്ങു തിരുമനസ്സാകുന്നുവെങ്കിൽ വിശുദ്ധ ജോൺ പോൾ പാപ്പയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക ) ഞങ്ങൾക്കു നേടിത്തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ