പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: എട്ടാം ദിനം (സെപ്റ്റംബർ 7)
നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.
മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.
നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തവളാണ് പരി. അമ്മ. ദൈവമാതാവിൽ അഭയം തേടുന്നവരാരും നിരാശരായി മടങ്ങുകയില്ല, അതാണ് ഈശോ നമക്കു നൽകുന്ന ഉറപ്പ്. ഏതു വലിയ വേലിയേറ്റങ്ങളും ആയിക്കോള്ളട്ടെ, ദൈവമാതാവ് എന്റെ ശരണം പരിശുദ്ധ അമ്മ എന്റെ ആശ്രയം.
മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക )
നന്മ നിറഞ്ഞ മറിയമേ…
പ്രാർത്ഥന:
ഓ നിത്യസഹായ മാതാവേ, ഞങ്ങളുടെ അമ്മേ, നിന്റെ പക്കൽ ഞങ്ങൾ നടത്തുന്ന യാചനകൾ ഒരിക്കലും ഫലം കാണാതെ തിരിച്ചു വരുകയില്ലന്നു ഉറച്ചു വിശ്വസിക്കുന്നു. അത്യുന്നതന്റെ ശക്തമായ കരത്തിൻ കീഴിൽ വസിക്കുന്ന നിന്റെ പക്കൽ ഞങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉണ്ടല്ലോ. ദിവ്യ നാഥേ ഇപ്പോൾ നിന്റെ പക്കൽ പ്രത്യാശയോടെ ഞങ്ങൾ സമർപ്പിക്കുന്ന യാചനകൾ (ശാരീരികവും മാനസികവും ആത്മീയവുമായ യാചകനകൾ) നിന്റെ പുത്രനും ഞങ്ങളുടെ രക്ഷകനമായ ഈശോയുടെ പക്കൽ നിന്നു നേടിത്തരണമേ.
നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിതിന്റെ ജനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം.
മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
നമുക്കു പ്രാർത്ഥിക്കാം
ദയാനിധിയും കാരുണ്യവാനുമായ ദൈവമേ, നിന്റെ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ. നിന്റെ ഹിതം മക്കളായ ഞങ്ങളിൽ നിറവേറട്ടെ. നിന്റെ പ്രിയ പുത്രിയും ഞങ്ങളുടെ അമ്മയുമായ പരിശുദ്ധ കന്യാകാമറിയത്തിന്റെ ജനനത്തിരുനാളിനോടു ഏറ്റവും അടുക്കുമ്പോൾ ഞങ്ങളുടെ ഹൃദയവും മനസ്സും അമ്മയുടെതുപോൽ നിർമ്മലമാക്കണമേ. ഉത്തരം ലഭിക്കാത്ത നിരവധി പ്രശ്നങ്ങളുമായി അവളടെ സന്നിധേ ഞങ്ങൾ അണയുമ്പോൾ ആ അമ്മയുടെ പുണ്യപൂർണ്ണതയുടെ യോഗ്യതയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും ദുഃഖങ്ങളിൽ ആശ്വാസവും നൽകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
ഫാ. ജെയ്സൺ കുന്നേൽ MCBS