
ഉയിർപ്പു ദിവസങ്ങളിലെ കുടുംബപ്രാർത്ഥനയിൽ ഉൾപ്പെടുത്താവുന്ന പ്രാർത്ഥന.
വായിക്കേണ്ട സുവിശേഷ ഭാഗം:
ലൂക്കാ 24: 36-43 ഈശോ ശിഷ്യൻമാർക്ക് പ്രത്യക്ഷനാകുന്നു
അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു. ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. അവന് അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്? എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന് അവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. അവന് അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
കുടുംബനാഥൻ: സമാധാനം ആശംസിച്ചുകൊണ്ട് ഞങ്ങൾക്ക് മുൻപിൽ ആഗതനാകുന്ന ഉത്ഥിതനായ യേശുവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ അഭയവും പ്രതീക്ഷയും അങ്ങാണല്ലോ. സഹനത്തേയും മരണത്തേയും പരാജയപ്പെടുത്തി അങ്ങ് ഉയിർത്ത് എഴുന്നേറ്റതുപോലെ, ജീവിത പരാജയങ്ങളിൽ നിന്നും പാപ സാഹചര്യങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും.
അംഗങ്ങൾ: ആമ്മേൻ.
കുടുംബനാഥൻ: നമുക്ക് പ്രാർത്ഥിക്കാം, നമ്മുടെ എല്ലാ ആവശ്യങ്ങളിലും നമ്മുടെ ദൃഢമായ വിശ്വാസത്തിൽ നമുക്ക് പറയാം, ഈശോയെ ഞങ്ങളെ രക്ഷിക്കണമേ! എല്ലാ സംശയങ്ങളിൽ നിന്നും, ആകുലതകളിൽ നിന്നും, പ്രലോഭനങ്ങളിൽ നിന്നും ഉത്ഥിതനായ ഈശോയെ ഞങ്ങളെ രക്ഷിക്കണമേ!
എന്റെ ഏകാന്തതയുടെ മണിക്കൂറുകളിൽ, വിഷമതകളിൽ, ലൗകിക പരീക്ഷണങ്ങളിൽ…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ ഹൃദയം പരാജയ ഭാരത്താൽ തകരുമ്പോഴും, പ്രത്യാശ നശിക്കുമ്പോഴും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ ക്ഷമ നശിക്കുമ്പോഴും, എന്റെ അനുസരണകേടിലും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ രോഗങ്ങളിലും, ആകുലതകളിലും, ഞാൻ ഒറ്റപെടുമ്പോഴും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ ബലഹീനതകളാൽ ഞാൻ വീഴുമ്പോൾ…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ കടബാധ്യതകളിലും, ശാരീരിക മാനസിക ബുദ്ധിമുട്ടുകളിലും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
“എന്റെ ആത്മാവേ നീ എന്തിനു വിഷാദിക്കുന്നു. നീ എന്തിനു നെടുവീർപ്പെടുന്നു. ദൈവത്തിൽ പ്രത്യാശ വയ്ക്കുക (സങ്കീ. 43:5)
(എല്ലാവരും ഒരുമിച്ചു 3 പ്രാവശ്യം നെറ്റിയിൽ കുരിശു വരച്ചു, 3 പ്രാവശ്യം ഈ സങ്കീർത്തന ഭാഗം ചൊല്ലുക.)
ഫാ. സൈജു തുരുത്തിയിൽ