പലപ്പോഴും ജീവിതപ്രതിസന്ധികളിൽ നമ്മൾ തളർന്നുപോകാറുണ്ട്, ഒറ്റപ്പെടൽ നമ്മുടെ സന്തത സഹചാരിയായി മാറാറുണ്ട്. ഇനിയെന്ത്? മുന്നോട്ട് എങ്ങനെ എന്ന് ചിന്തിച്ച് മനസ് വിഷമിക്കാറുണ്ട്. എന്നാൽ അപ്പോഴും ക്രിസ്തുവിശ്വാസികളായ നാം പരാജയം സമ്മതിക്കേണ്ടവരാണോ? നമ്മുടെ രക്ഷകനായ ക്രിസ്തു സ്വർഗ്ഗത്തിലേക്ക് പോകുന്നതിനു മുൻപ് നമുക്ക് നൽകിയത് അവിടുത്തെ സമാധാനമാണ്. ഏതു പ്രതികൂല സാഹചര്യങ്ങളിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാൻ ഈ തിരുവചനം നമ്മെ സഹായിക്കും.
“ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും” (ഏശയ്യാ 41: 10).
ജീവിതത്തിന്റെ ഏകാന്തനിമിഷങ്ങളിൽ ഈ തിരുവചനം ഉരുവിടുക. ദൈവവചനത്തിന്റെ അനന്തമായ ശക്തി നമ്മെ സമാധാനത്തിലേക്കു നയിക്കുമെന്ന് ഉറപ്പാണ്.