കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മദര്‍ തെരേസ പഠിപ്പിക്കുന്ന പ്രാര്‍ത്ഥന

ഇന്ന് ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യമുള്ള ഒരു മേഖലയാണ് കുടുംബം. കാരണം ഒരു സമൂഹത്തെ നന്മയിലേക്കും തിന്മയിലേക്കും വളര്‍ത്താന്‍ കുടുംബങ്ങള്‍ക്കു കഴിയും. കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്ന മൂല്യങ്ങളനുസരിച്ചാണ് ഒരു തലമുറ നന്മയിലേക്കോ, തിന്മയിലേക്കോ തിരിയുന്നത്. അതിനാല്‍ തന്നെ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക വളരെ അത്യാവശ്യമാണ്.

കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വി. മദര്‍ തെരേസ ഒരു പ്രാര്‍ത്ഥന പഠിപ്പിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥന ഇതാ…

“സ്വര്‍ഗ്ഗീയപിതാവേ, നസ്രത്തിലെ കുടുംബത്തിലൂടെ എങ്ങനെ ജീവിക്കണം എന്ന മാതൃക അങ്ങ് പകര്‍ന്നുതന്നല്ലോ. സ്‌നേഹമുള്ള പിതാവേ, എന്റെ കുടുംബം നസ്രത്തിലെ കുടുംബം പോലെ സ്‌നേഹത്തിലും സമാധാനത്തിലും ആനന്ദത്തിലുമായിരിക്കാന്‍ സഹായിക്കണമേ. ആഴമായി ചിന്തിക്കാനും ദിവ്യകാരുണ്യത്തില്‍ ആശ്രയിക്കാനും അങ്ങനെ ആത്മീയമായ ഉണര്‍വ് ഉണ്ടാകാനും ഇടയാക്കണമേ.

സന്തോഷത്തിലും ദുഃഖത്തിലും പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ദുരിതങ്ങളുടെ അവസരങ്ങളിലും ഞങ്ങളുടെ കുടുംബാംഗങ്ങളില്‍ ഈശോയെ ദര്‍ശിക്കാനുള്ള കൃപ നല്‍കണമേ. ഈശോയുടെ തിരുഹൃദയം പോലെ ഞങ്ങളുടെ ഹൃദയങ്ങളെയും താഴ്മയുടെ വിളനിലമാക്കണമേ. ഞങ്ങളുടെ കുടുംബത്തിലെ കടമകള്‍ ഏറ്റവും വിശുദ്ധമായി ചെയ്യാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവം ഞങ്ങളെ സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കാനും ഓരോ ദിവസവും സ്‌നേഹത്തില്‍ കൂടുതല്‍ ആഴപ്പെടാനും ദൈവം ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചതുപോലെ മറ്റുള്ളവരുടെ പാപങ്ങള്‍ ക്ഷമിക്കാനും ഞങ്ങളെ സഹായിക്കണമേ. പ്രിയ ഈശോയേ, അങ്ങ് നല്‍കുന്ന ഏതു സഹനങ്ങളെയും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.

മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. വി. യൌസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. കാവല്‍മാലാഖമാരേ, ഞങ്ങള്‍ക്കൊപ്പം ആയിരുന്നുകൊണ്ട് ഞങ്ങളെ സഹായിക്കുകയും നയിക്കുകയും ചെയ്യണമേ. ആമ്മേന്‍.”

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.