ഫ്രാൻസിസ് പാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനം ഇന്നു മുതൽ: ജക്കാർത്തയിലെ കത്തീഡ്രലും മോസ്‌കും സന്ദർശിക്കും

അപ്പസ്തോലിക യാത്രയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനം ഇന്നു മുതൽ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ആയിരിക്കും പാപ്പ ആദ്യം സന്ദർശിക്കുന്നത്. ജക്കാർത്തയിലെ പ്രധാന കത്തോലിക്കാ ആരാധനാലയമായ ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ കത്തീഡ്രലും ഇസ്തിഖ്‌ലാൽ മോസ്‌കും പാപ്പ സന്ദർശിക്കും.

സെപ്റ്റംബർ ആറുവരെ നടക്കുന്ന ഇന്തോനേഷ്യൻ സന്ദർശനത്തിൽ മതാന്തരസംവാദം, എക്യുമെനിസം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔവർ ലേഡി ഓഫ് ദി അസംപ്ഷൻ കത്തീഡ്രലും ഇസ്തിഖ്‌ലാൽ മോസ്‌കും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ രണ്ട് ആരാധനാലയങ്ങളെയും ബന്ധിപ്പിച്ച് ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ‘സൗഹൃദത്തിന്റെ തുരങ്കം’ എന്ന് വിളിപ്പേരുള്ള ഒരു പുരാതന ഭൂഗർഭതുരങ്കം പുനർനിർമ്മിക്കാൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഉത്തരവിട്ടിരുന്നു. 2020-ൽ അംഗീകാരം ലഭിച്ച ഈ പദ്ധതി പൂർത്തിയായിവരുന്നു.

ജാവ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത്, സിലിവുങ് നദിയുടെ അഴിമുഖത്താണ് ‘കിഴക്കിന്റെ രാജ്ഞി’ എന്നറിയപ്പെടുന്ന ജക്കാർത്ത നഗരം സ്ഥിതിചെയ്യുന്നത്. നാലാം നൂറ്റാണ്ടിലാണ് ഈ നഗരത്തിന്റെ ഉത്ഭവം. 11 ദിവസത്തെ അപ്പസ്തോലിക യാത്രയിൽ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പാപ്പ സന്ദർശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.