സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഉപയോക്താക്കളെ ജയിലിലടയ്ക്കുന്നതിനുള്ള വിവാദ ബിൽ പാസ്സാക്കി പാക്കിസ്ഥാൻ

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഉപയോക്താക്കൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് വിപുലമായ അധികാരം നൽകുന്ന വിവാദ ബിൽ പാസ്സാക്കി പാക്കിസ്ഥാൻ സെനറ്റ്. കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ അംഗീകരിച്ച ഉള്ളടക്കം, സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ളതാണെന്നാണ് സർക്കാർ പറയുന്നത്. കനത്ത പിഴയും മൂന്നുവർഷം വരെ തടവും ചുമത്താനും ഈ ബിൽ അധികാരികളെ അനുവദിക്കുന്നു.

ഈ നിയമം വ്യാപകമായ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ രൂപകൽപന ചെയ്തതാണെന്ന് പ്രതിപക്ഷ നിയമനിർമ്മാതാക്കളും മനുഷ്യാവകാശപ്രവർത്തകരും ഒരുപോലെ വാദിക്കുന്നു. സെനറ്റിലെ പ്രതിപക്ഷനേതാവ് ഷിബ്ലി ഫറാസ് നിയമനിർമ്മാണത്തെ എതിർത്തു. ഇത് തിടുക്കത്തിൽ പാസ്സാക്കുകയാണെന്നും എല്ലാ പങ്കാളികളോടും കൂടിയാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങളുടെ വ്യാപനം പരിമിതപ്പെടുത്താൻ നിയമം ആവശ്യമാണെന്ന് ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാർ അവകാശപ്പെടുന്നു. എന്നാൽ വിയോജിപ്പുള്ള ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനും സംസാരസ്വാതന്ത്ര്യത്തെ തടയാനും ഇത് ഉപയോഗിക്കപ്പെടുമെന്ന് വിമർശകർ വാദിക്കുന്നു. അടുത്ത കാലത്തായി, പാക്കിസ്ഥാനിലെ മാധ്യമങ്ങൾ വർധിച്ചുവരുന്ന സെൻസർഷിപ്പിനെ അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ പത്രസ്വാതന്ത്ര്യത്തിനേറ്റ മറ്റൊരു പ്രഹരമായി ഇത് കണക്കാക്കപ്പെടുന്നു.

പുതിയ നിയമപ്രകാരം, സോഷ്യൽ മീഡിയ ഉള്ളടക്കം നിരീക്ഷിക്കാനും ‘നിയമവിരുദ്ധവും കുറ്റകരവും’ എന്നു കരുതുന്ന എന്തും തടയാനും ഒരു ഏജൻസി സൃഷ്ടിക്കും. ജഡ്ജിമാരെയോ, സായുധസേനയെയോ, പാർലമെന്റിനെയോ, പ്രവിശ്യാ അസംബ്ലികളെയോ വിമർശിക്കുന്ന ഉള്ളടക്കം ഇതിൽ ഉൾപ്പെടുന്നു. ഏജൻസിയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് താൽക്കാലികമോ, സ്ഥിരമോ ആയ വിലക്കുകൾ നേരിടേണ്ടിവരും.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. വ്യാജവാർത്തകൾക്കെതിരെ പോരാടാനെന്നപേരിൽ അഭിപ്രായസ്വാതന്ത്ര്യത്തെ നിശ്ശബ്ദമാക്കാനാണ് പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസ്സാക്കിയതെന്നും ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ഒരാൾക്കും ഇതിനെ പിന്തുണയ്ക്കാനാവില്ലെന്നും പാർട്ടി വക്താവ് സുൽഫിക്കർ ബുഖാരി പറഞ്ഞു.

നിലവിൽ പാക്കിസ്ഥാനിൽ മതനിന്ദാ നിയമപ്രകാരം വ്യാജ ആരോപണങ്ങൾ ചുമത്തി ക്രൈസ്തവരെ ശിക്ഷിക്കുന്നത് പതിവാണ്. അതിനാൽ തന്നെ പുതിയ നിയമഭേദഗതിയും ന്യൂനപക്ഷ സമൂഹങ്ങളുടെയിടയിൽ ആശങ്ക ഉളവാക്കുന്നതാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.