വഖഫ് ഭേദഗതി ബിൽ പാസ്സാക്കി ലോക്സഭ

12 മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കുശേഷം വഖഫ് ഭേദഗതി ബിൽ പാസ്സാക്കി ലോക്സഭ. 288 അംഗങ്ങൾ ഇതിനെ അനുകൂലിച്ചും 232 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു. കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമിടയിൽ തുടർച്ചയായ അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു ബിൽ പാസ്സാക്കിയത്. ബിൽ പാസ്സാക്കുന്നതിനു മുൻപ് ലോക്സഭ ഒരു വലിയ നാടകീയതയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഭരണകക്ഷിയായ എൻ‌ ഡി‌ എ, നിയമനിർമ്മാണത്തെ ന്യൂനപക്ഷങ്ങൾക്ക് ഗുണകരമാണെന്നു വാദിച്ചു. അതേസമയം പ്രതിപക്ഷം ഇതിനെ മുസ്ലീം വിരുദ്ധമാണെന്നു വിശേഷിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും ശബ്ദവോട്ടോടെ തള്ളിക്കളഞ്ഞതിനെ തുടർന്നാണ് ബിൽ പാസ്സാക്കിയത്. ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയെക്കാൾ സുരക്ഷിതമായ മറ്റൊരു സ്ഥലം ലോകത്തിലില്ലെന്നും ഭൂരിപക്ഷം പൂർണ്ണമായും മതേതരരായതിനാൽ അവർ സുരക്ഷിതരാണെന്നും സംവാദത്തിനു മറുപടിയായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

ബില്ലിനെ ‘ഭരണഘടനാ വിരുദ്ധം’ എന്നു വിശേഷിപ്പിച്ചതിന് പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കിരൺ റിജിജു 12 മണിക്കൂറിലധികം നീണ്ട മാരത്തൺ ചർച്ചയ്ക്കു മറുപടി നൽകി. മുസ്ലീങ്ങൾക്ക് ഇന്ത്യയെക്കാൾ സുരക്ഷിതമായ മറ്റൊരു സ്ഥലമില്ല എന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമൂഹം പീഡനം നേരിടുമ്പോഴെല്ലാം അവർ അഭയം തേടി അവർ ഇന്ത്യയിലേക്കു വരും. ദലൈലാമയുടെയും ടിബറ്റൻ സമൂഹത്തിന്റെ ഉദാഹരണങ്ങളും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ശ്രീലങ്ക എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ എന്നിവയെ ഉദ്ധരിച്ചും അദ്ദേഹം സംസാരിച്ചു.

എട്ടുമണിക്കൂറാണ് ചർച്ചയ്ക്കുവേണ്ടി നൽകിയിരുന്ന സമയം. എന്നാൽ നിശ്ചയിച്ചിരുന്ന സമയവും കടന്ന് ചർച്ച നീളുകയായിരുന്നു. ഉച്ചയ്ക്ക് 12.06 ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു. ബിൽ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭ കൂടി ബിൽ അം​ഗീകരിച്ചാൽ ഇത് നിയമമാകും. കേരളത്തിൽനിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.