സർവതും നഷ്ടപ്പെട്ട്, പ്രതീക്ഷകൾ അസ്തമിച്ച് വിശുദ്ധനാട്ടിലെ യുവാക്കൾ

2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഹമാസ് ആക്രമണം ഒരു വർഷം പിന്നിടുമ്പോൾ, അക്രമത്തിന്റെയും മരണത്തിന്റെയും കയത്തിൽ മുങ്ങിത്താഴുകയാണ് ഇസ്രായേലിലെ യുവാക്കൾ. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) നടത്തിയ അന്വേഷണത്തിൽ, വിശുദ്ധനാട്ടിലെ യുവാക്കളുടെ മാനസിക-ബൗദ്ധികനില വളരെ മോശം അവസ്ഥയിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

“വിശുദ്ധഭൂമിയിലെ യുവക്രിസ്ത്യാനികൾക്ക് അവർ സ്വയം നഷ്ടപ്പെട്ടതായി തോന്നുന്നു. അവർ സാധാരണ നിലയിലേക്കു മടങ്ങിവരുമെന്നു പ്രതീക്ഷിക്കുന്നില്ല” – എ. സി. എൻ. പറഞ്ഞു. യുവാക്കളിലൊരാളായ, പത്രപ്രവർത്തകനായി പ്രവർത്തിക്കുന്ന റാഫി ഘാട്ടാസ്, വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവരുടെ വിഷമാവസ്ഥയെക്കുറിച്ചു സംസാരിച്ചു.

“നമ്മുടെ സംസ്കാരത്തിൽ, ഞങ്ങൾ വിവാഹത്തിനുമുമ്പ് മാതാപിതാക്കളുടെ കൂടെത്തന്നെയാണ് താമസിക്കുക; വിവാഹശേഷം മാത്രമാണ് മറ്റൊരു വീട്ടിലേക്കു മാറുക. വളരെ മുതിർന്ന ചെറുപ്പക്കാർപ്പോലും അവരുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് തുടരുന്നു. എനിക്കു പോകണം. പക്ഷേ, ഞാൻ വിവാഹം കഴിക്കുന്നില്ലെങ്കിൽ എനിക്കത് ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും 27-ാം വയസ്സിൽ എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ കഴിയില്ല. അതിനാൽത്തന്നെ എനിക്ക് വിവാഹം കഴിക്കാനും സാധിക്കില്ല” – അദ്ദേഹം പറഞ്ഞു.

“ആളുകൾ പ്രതീക്ഷയില്ലാതെ മുന്നോട്ടുപോകാൻ ശ്രമിക്കുന്നു. അവർ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിച്ച പലർക്കും കുട്ടികളില്ല. അവർക്ക് പ്രതീക്ഷ നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്. കുട്ടികളുള്ളവർക്ക് ഒന്നോ, രണ്ടോ പേരേയുള്ളൂ. കൂടാതെ, ദമ്പതികളിൽ ഒരാളുടെ മുഴുവൻ ശമ്പളവും വാടക നൽകാനും ആവശ്യമാണ്. അതിനാൽ ഇരുവരും ജോലി ചെയ്യണം” – ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിലെ ഉദ്യോഗസ്ഥയായ ദിമാ ഖൗറി പറയുന്നു.

യുദ്ധം ആരംഭിച്ചതുമുതൽ ജോലികൾ കുറവാണ്. ഇന്ന് രാജ്യത്ത് ടൂറിസം മേഖല നിലവിലില്ല. അത് യുവാക്കളെ വളരെയധികം ബാധിച്ചിരിക്കുന്നു. എല്ലാ യുവജനങ്ങളും പറയുന്നത്, കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനുമുൻപ് ഞങ്ങൾ ജീവിച്ചതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്.

ഒക്‌ടോബർ ഏഴിനുമുമ്പ് ഏകദേശം 1,80,000 പലസ്തീനികൾക്ക് ഇസ്രായേലിൽ ജോലിചെയ്യാൻ അനുമതി നൽകിയിരുന്നു. അവരെല്ലാം അത് റദ്ദാക്കി; 10,000 പേർ മാത്രമാണ് അടുത്തിടെ പുതുക്കിയത്.

ഒരു യുവവൈദികനായ ഫാ. ലൂയിസ്, വെസ്റ്റ് ബാങ്കിലെ ഒരു യുവജനസംഘത്തെ നയിക്കുന്നതിൽ താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പൊന്തിഫിക്കൽ ഫൗണ്ടേഷനോടു പറഞ്ഞു: “യഹൂദരുടെ വാസസ്ഥലങ്ങളിൽനിന്ന് വളരെ അകലെയാണ് ഗ്രൂപ്പിന്റെ യോഗങ്ങൾ നടക്കേണ്ടത്. സെറ്റിൽമെന്റ് ഉള്ളിടത്ത് ഒരു ചെക്ക്‌പോസ്റ്റുണ്ട്. അത് കുടിയേറ്റക്കാരും പലസ്തീനികളും തമ്മിലുള്ള സംഘർഷത്തിനു കാരണമാകുന്നു. അതായത്, റോഡ് അടച്ചിടേണ്ടതായിവരാം. ഇത് യുവാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടകരവുമാണ്” – അദ്ദേഹം വിശദീകരിച്ചു.

“യുവജനശുശ്രൂഷയിൽ ഞങ്ങളുടെ പ്രഥമ പരിഗണന, യുവാക്കളെ സ്വന്തം രാഷ്ട്രത്തെ സ്നേഹിക്കാനുള്ള ഒരു ബോധ്യം വളർത്തിയെടുക്കാൻ പഠിപ്പിക്കുക എന്നതാണ്. എന്നാൽ, അവർ പലസ്തീനികളായതുകൊണ്ടല്ല, ദൈവം അവതാരമെടുക്കാൻ തീരുമാനിച്ചപ്പോൾ ഈ നാട് തിരഞ്ഞെടുത്തതുകൊണ്ടാണ്. അതൊരു പദവിയാണ്; മാത്രമല്ല ഒരു കുരിശ് കൂടിയാണ്. ഞങ്ങൾ ആ കുരിശ് വഹിക്കുന്നു” – അദ്ദേഹം പറഞ്ഞു.

“ക്രിസ്ത്യാനികൾ അവരുടെ ഭൂമി വിട്ടുപോകുകയാണെങ്കിൽ വിശുദ്ധസ്ഥലങ്ങൾ തണുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ മ്യൂസിയങ്ങൾപോലെയാകും. യേശു ഇവിടെ ജീവിക്കുകയും മരിക്കുകയും ചെയ്തതിനാൽ മറ്റു നാടുകളിലേക്കു പോകരുതെന്ന് ഞങ്ങൾ യുവാക്കളോട് അഭ്യർഥിക്കുന്നു” – ഫാ. ലൂയിസ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.