
യുവജനങ്ങൾക്ക് ആവശ്യം ദൈവത്തെയാണെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. 1878-ൽ സെന്റ് ജോസഫ് മാരെല്ലോ സ്ഥാപിച്ച ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസ സമൂഹത്തിലെ പതിനെട്ടാമത് പൊതു ചാപ്റ്ററിൽ സംബന്ധിച്ച അംഗങ്ങളുമായി ആഗസ്റ്റ് 26-ന് വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പ.
ഇന്നത്തെ സമൂഹത്തിൽ യുവാക്കളുടെ ദൈവാന്വേഷണത്തിന് സന്യാസ സമൂഹം നൽകേണ്ടുന്ന സേവനത്തെക്കുറിച്ച് പാപ്പ പ്രത്യേകം സംസാരിച്ചു. ഇന്ന് യുവജനങ്ങൾക്ക് നമ്മെയല്ല ആവശ്യമെന്നും അവർക്കാവശ്യം ദൈവത്തെയാണെന്നും പാപ്പ പറഞ്ഞു. സഭയുടെ സ്ഥാപകന്റെ വിശുദ്ധി അഭംഗുരം കാത്തുസൂക്ഷിക്കാനും സഭയ്ക്കും സമൂഹത്തിനുമായുള്ള ഉത്തരവാദിത്വങ്ങളിൽ പൂർണ്ണസമർപ്പണത്തോടെ ജീവിക്കാനും സഭയിലെ അംഗങ്ങളോട് പാപ്പ ആഹ്വാനം ചെയ്തു.
തിരുക്കുടുംബത്തിന്റെ കാവൽക്കാരനായിരുന്ന വി. യൗസേപ്പിതാവ്, സന്യാസ സഭയ്ക്കും വലിയൊരു മാതൃകയും തുണയുമാണെന്ന് പാപ്പ അനുസ്മരിപ്പിച്ചു. പ്രതീക്ഷകൾക്കെല്ലാം വിപരീതമായി, ഉദാരമായ വിശ്വാസത്തോടെ ദൈവപുത്രനെ തന്റെ ജീവിതത്തിലേക്കു സ്വീകരിച്ചവനാണ് വി. യൗസേപ്പ്. ഇതുപോലെ സന്യാസജീവിതത്തിൽ സഭയിലെ അംഗങ്ങൾ അനുദിനം യേശുവിനോടൊപ്പം ജീവിക്കണമെന്ന് പാപ്പ പറഞ്ഞു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്