![chri-wom](https://i0.wp.com/www.lifeday.in/wp-content/uploads/2024/11/chri-wom.jpg?resize=696%2C435&ssl=1)
തോക്കിൻമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട ക്രിസ്ത്യൻ യുവതിയ്ക്ക് നീതി നിഷേധിച്ച് പാക്കിസ്ഥാൻ നിയമവ്യവസ്ഥിതി. തന്നെ ബലാത്സംഗം ചെയ്ത ഒരു മുസ്ലീമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വിസമ്മതിച്ചതായി പാക്കിസ്ഥാനിലെ 18 കാരിയായ കത്തോലിക്കാ യുവതി പറഞ്ഞു.
പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജില്ലയിലെ കോട് രഞ്ജീത് സിംഗ് ഏരിയയിലെ ഇമാൻ ഖുറം എന്ന യുവതിയാണ് പീഡനത്തിനിരയായത്. താൻ ജോലി ചെയ്തിരുന്ന ഷൂ ഫാക്ടറിയിൽനിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ നവംബർ ഏഴിന്, അൻസാർ ഷാ എന്ന വ്യക്തി തന്നെ തട്ടിക്കൊണ്ടുപോയതായി ഒരു ക്രിസ്ത്യൻ യു ട്യൂബ് വാർത്താ ചാനലിനോട് യുവതി പറഞ്ഞു. “പ്രവിശ്യയിൽ അടുത്തിടെയുണ്ടായ അപകടകരമായ തോതിലുള്ള പുകമഞ്ഞിനെത്തുടർന്ന് അടച്ചിരുന്ന ഉപേക്ഷിക്കപ്പെട്ട ഇഷ്ടികച്ചൂളയിലേക്കാണ് ഷാ എന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്” – ഇമാൻ നാഷണൽ ന്യൂസ് നാമയോടു പറഞ്ഞു.
“ആളൊഴിഞ്ഞ തെരുവിൽവച്ച് ഷാ എന്നെ പിടികൂടി മോട്ടോർ സൈക്കിളിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചു. അതിനെ എതിർത്തപ്പോൾ എന്നെയും എന്റെ രണ്ട് ഇളയ സഹോദരങ്ങളെയും പിസ്റ്റൾ കാണിച്ച്, എന്റെ സഹോദരന്മാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നെ അയാളുടെ മോട്ടോർ സൈക്കിളിൽ കയറാനും നിർബന്ധിച്ചു” – യുവതി വെളിപ്പെടുത്തി. “ചൂളയിലെത്തിയശേഷം അയാൾ എന്നെ ഒരു മുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്നെ ബലാത്സംഗം ചെയ്തു. ഇതിനിടയിൽ അയാൾ പലതവണ എന്നെ മർദിക്കുകയും ചെയ്തു.”
കുടുംബം പോറ്റാൻ ജോലിക്കു പോകുന്നതിനിടെ നാലുമാസത്തിലേറെയായി ഷാ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. 18 കാരിയുടെ ബന്ധുക്കൾ ഷായുടെ കുടുംബത്തോട് പരാതിപ്പെട്ടിരുന്നെങ്കിലും ഈ അവസ്ഥ തുടർന്നു.
പൊലീസിനോട് പലതവണ അഭ്യർഥിച്ചിട്ടും ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇമാൻ ഖുറവും അവളുടെ അമ്മയും പറഞ്ഞു. പീഡനം നടന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിനാൽ സർക്കാരിന്റെ ശ്രദ്ധ ഈ കേസിൽ ഉണ്ടാകണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.