ലളിതമായ ഒരു ആശയത്തെ ആഗോളവികാരമാക്കി മാറ്റിയ 24 കാരിയായ അർജന്റീനിയൻ മതബോധന അധ്യാപികയുടെ ‘ചെറിയ’ വലിയ കാര്യം ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുകയാണ്. മരിയ ഡി ലാ കാൻഡലേറിയ ക്ലോസി എന്ന അർജന്റീനക്കാരി പെൺകുട്ടി നിർമിച്ച, ‘ആൽബം സാങ്‌ടോറം’ എന്നു പേരിട്ടിരിക്കുന്ന ആൽബം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരിക്കുകയാണ്.
കാൻഡലേറിയ അല്ലെങ്കിൽ ‘കാൻഡെ’ എന്നുവിളിക്കുന്ന അവളുടെ ഇളയ സഹോദരന്റെ സോക്കർ സ്റ്റിക്കർ ആൽബത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അവൾ രൂപംകൊടുത്തത് ഒരുകൂട്ടം വിശുദ്ധരുടെ ചിത്രങ്ങളും ചെറിയ വിവരണങ്ങളും ഉൾപ്പെടുന്ന ആൽബമാണ്. ഇതിലൂടെ കുട്ടികൾക്ക് വിശുദ്ധരെക്കുറിച്ച് രസകരവും സംവേദനാത്മകവുമായ രീതിയിൽ പഠിക്കാൻ കഴിയുമെന്ന് അവൾ മനസ്സിലാക്കി.
ഒരു ആൽബം എങ്ങനെ രൂപകല്പന ചെയ്യുമെന്ന് വലിയ പരിചയമില്ലാത്തതിനാൽ അവൾ വിശുദ്ധരുടെ ചിത്രങ്ങൾ ശേഖരിക്കാനും അതിന്റെ ഡിസൈനിങ്ങിനെക്കുറിച്ച് ഗവേഷണം ചെയ്യാനും തുടങ്ങി. അങ്ങനെ വളരെ വ്യത്യസ്തമായ രീതിയിൽ ആദ്യ ആൽബം രൂപംകൊണ്ടു. അതിന്റെ ആദ്യ ഡ്രാഫ്റ്റ് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ പങ്കിട്ടു. അങ്ങനെ നല്ല അഭിപ്രായം കിട്ടിയപ്പോൾ ‘ആൽബം സാങ്‌റ്റോറത്തിന്റെ’ വിപുലമായ പ്രവർത്തനം അവൾ ആരംഭിച്ചു. പിന്നീട് കാൻഡലേറിയ തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ആൽബത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്തു. ആളുകളുടെ പ്രതികരണം മികച്ചതായിരുന്നു. ഇക്വഡോർ, സ്പെയിൻ, ചിലി, അർജന്റീന എന്നിവിടങ്ങളിൽനിന്നും അവളുടെ ഈ ‘വിശുദ്ധ’ ആൽബത്തിന് ആവശ്യക്കാർ വരാൻ തുടങ്ങി.
തുടക്കത്തിൽ മടിച്ചുനിന്നെങ്കിലും, പദ്ധതി വിപുലീകരിക്കാൻ കാൻഡലേറിയ തീരുമാനിച്ചു. വിശ്വാസത്തിന്റെ ഒരു കുതിപ്പ് അവൾക്ക് അനുഭവപ്പെട്ടു. അങ്ങനെ, മൂന്നു മാസത്തിനുശേഷം 950 ആൽബങ്ങളും 16,000 സ്റ്റിക്കർ പാക്കുകളും അവളുടെ പക്കൽനിന്നും മറ്റുള്ളവർ വാങ്ങിച്ചു. തന്റെ വേദപാഠ കുട്ടികൾക്കായി മാത്രം നിർമിച്ച ആൽബം ഇപ്പോൾ അനേകം ആളുകൾ തങ്ങളുടെ കുട്ടികൾക്കായി വാങ്ങുന്നതിൽ വലിയ സന്തോഷവതിയാണ് കാൻഡലേറിയ. 117 വിശുദ്ധർ ഈ ആൽബത്തിന് വിശ്വാസത്തിന്റെ മാറ്റുകൂട്ടുന്നു.
117 വിശുദ്ധരെ തിരഞ്ഞെടുക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. വി. ഫിലിപ്പ് നേരി, വി. കൊച്ചുത്രേസ്യ, വി. ജോൺ പോൾ രണ്ടാമൻ എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന ശ്രേണിതന്നെ തന്റെ ആൽബത്തിലേക്ക് കാൻഡലേറിയ തിരഞ്ഞെടുത്തു.
അമ്മമാരും സ്കൂളുകളും ആൽബത്തെ വലിയ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ആശ്ചര്യകരമായ ഈ പദ്ധതിയുടെയുടെ വിജയത്തിൽ സന്തോഷമുണ്ടെങ്കിലും കാൻഡലേറിയ വിനയാന്വിതയായി എല്ലാം ദൈവത്തിനു സമർപ്പിക്കുകയാണ്. “ഞാനത് ഒറ്റയ്ക്കു ചെയ്തതല്ല. സ്വർഗത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ അതിനു ഞാൻ ഒരു ഉപകരണമാകും.”
ഒരു 24 കാരി മതാധ്യാപികയുടെ ‘ആൽബം സാങ്‌റ്റോറം’ എന്നത് കേവലം സ്റ്റിക്കറുകളുടെ ഒരു ശേഖരം എന്നതിലുപരിയായി മാറിയിരിക്കുന്നു. ഇത് വിശ്വാസം പ്രചരിപ്പിക്കുന്നതിനും യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ്.