സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രവർത്തിച്ചു; 70 വയസ്സ് പിന്നിട്ട ബ്രിട്ടീഷ് ദമ്പതികളെ താലിബാൻ അറസ്റ്റ് ചെയ്തു

ബ്രിട്ടീഷ് ദമ്പതികളായ പീറ്റർ റെയ്‌നോൾഡ്‌സ് (79), ഭാര്യ ബാർബി (75) എന്നിവരെ അഫ്ഗാനിസ്ഥാനിൽ താലിബാൻ അറസ്റ്റ് ചെയ്തു. 18 വർഷമായി അഫ്ഗാനിസ്ഥാനിൽ പരിശീലനപദ്ധതികൾ നടത്തുന്ന ദമ്പതികളെ ഫെബ്രുവരി ഒന്നിന് ബാമിയാനിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.

രണ്ടാഴ്ചയിലേറെയായി കുടുംബം അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിയുന്നില്ലെന്ന് അവരുടെ മകൾ സാറ എൻ്റ്റ്വിസിൽ റിപ്പോർട്ട് ചെയ്തു. 12 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്ക് ജോലിചെയ്യുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനും താലിബാന്റെ നിരോധനം ഉണ്ടായിരുന്നിട്ടും, അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ഒരു എൻ ജി ഒ യുമായി ബന്ധപ്പെട്ടതാണ് ദമ്പതികളുടെ അറസ്റ്റ്.

വിദേശകാര്യ ഓഫീസിന് സാഹചര്യത്തെക്കുറിച്ച് അറിയാം. എന്നാൽ യു കെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും സഹായം പരിമിതമാണ്. അനുമതിയില്ലാതെ വിമാനം ഉപയോഗിച്ചതിനാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്ന് താലിബാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും കുടുംബം ഇത് നിഷേധിക്കുന്നു.

തങ്ങളുടെ മാതാപിതാക്കളുടെ മോചനത്തിനായി അഭ്യർഥിച്ചുകൊണ്ട് ദമ്പതികളുടെ മക്കൾ താലിബാന് ഒരു കത്തെഴുതി. അഫ്ഗാനിസ്ഥാനോടുള്ള തങ്ങളുടെ പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും കത്തിൽ പരാമർശിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.