![IMG-20250209-WA0004](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/IMG-20250209-WA0004.jpg?resize=696%2C368&ssl=1)
അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുകയും വിയോജിപ്പുള്ള ശബ്ദങ്ങളെ ടാർഗെറ്റ് ചെയ്യുകയും ചെയ്യുമെന്നു വിശ്വസിക്കുന്ന പുതിയ സൈബർ ക്രൈം നിയമത്തിനെതിരെ തങ്ങളുടെ ആശങ്കയും പ്രതിഷേധവും അറിയിച്ച് പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകർ.
പ്രസിഡൻ്റ് ആസിഫ് അലി സർദാരി ജനുവരി 29 നാണ് സൈബർ കുറ്റകൃത്യങ്ങൾ തടയാനെന്ന ഉദ്ദേശ്യത്തോടെ ബില്ല് തിടുക്കത്തിൽ പാസ്സാക്കിയത്.വ്യാജവാർത്തകളും അത് പ്രചരിപ്പിക്കുന്നവർക്കും മൂന്നുവർഷം വരെ തടവും രണ്ടു മില്യൺ രൂപ (ഏകദേശം $7,200) പിഴയും ഉൾപ്പെടെയുള്ള നിയമമാണ് പാസ്സാക്കിയത്.
വ്യാജവാർത്തകളെക്കുറിച്ചുള്ള നിയമത്തിൻ്റെ അവ്യക്തമായ നിർവചനം ദുരുപയോഗത്തിനും സെൻസർഷിപ്പിനും ഇടയാക്കുമെന്ന് മാധ്യമപ്രവർത്തകർ ആശങ്കാകുലരാണ്. “ആളുകൾ വിവരങ്ങൾ പങ്കിടാനോ, ചർച്ച ചെയ്യാനോ പോലും വിമുഖത കാണിക്കും. ഇത് ക്രിമിനൽ കുറ്റങ്ങൾക്ക് ഇടയാക്കും” – ഡിജിറ്റൽ അവകാശങ്ങൾക്കായുള്ള അഭിഭാഷക ഫോറമായ ബോലോ ഭിയുടെ സഹസ്ഥാപക ഫരീഹ അസീസ് പറഞ്ഞു.
രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമർത്താനും ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനും ഈ നിയമത്തിനു സാധിക്കും. നിയമം ബാധിക്കുന്നത് മാധ്യമപ്രവർത്തകരെ മാത്രമല്ല, യൂട്യൂബ്, ടിക് ടോക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും കൂടിയാണ്.
പാക്കിസ്ഥാനിലെ ഒരു സ്വകാര്യ ടിവി ചാനലിലെ മുതിർന്ന പ്രൊഡ്യൂസറായ മുനാസ സിദ്ദിഖി വാർത്തകളും അഭിപ്രായങ്ങളും പ്രചരിപ്പിക്കാൻ ടിക്ടോക് ഉപയോഗിക്കുന്നു. അതിനാൽതന്നെ ഈ നിയമം തൻ്റെ ഉള്ളടക്കത്തെ നിയന്ത്രിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു എന്ന് പറഞ്ഞു.
പാക്കിസ്ഥാൻ ഫെഡറൽ യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (PFUJ) നിയമത്തെ അപലപിക്കുകയും രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനും മാധ്യമപ്രവർത്തകരെയും അവരുടെ മാധ്യമസ്ഥാപനങ്ങളെയും ഭയപ്പെടുത്താനുമുള്ള ശ്രമമാണ് നിയമമെന്ന് പി എഫ് യു ജെ പ്രസിഡൻ്റ് അഫ്സൽ ബട്ട് പറഞ്ഞു. അന്താരാഷ്ട്ര സമൂഹവും നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ചു.