![syri](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/syri-2.jpg?resize=696%2C435&ssl=1)
നൈജീരിയയിലെ കത്തോലിക്കാ പുരോഹിതന്മാർ തട്ടിക്കൊണ്ടുപോകുന്നവരുടെ പ്രധാന ലക്ഷ്യമായി തീർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് സെന്റ് പോൾ നാഷണൽ മിഷനറി സെമിനാരിയുടെ റെക്ടർ ഫാ. റെയ്മണ്ട് ഒലുസസൻ ഐന. ഒരു കത്തോലിക്കാ പുരോഹിതനെ തട്ടിക്കൊണ്ടുപോയാൽ, മോചനദ്രവ്യമായി വലിയ തുക നൽകുകയല്ലാതെ സഭയ്ക്ക് മറ്റൊരു മാർഗവുമില്ലെന്ന് തട്ടിക്കൊണ്ടുപോയവർ വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു.
“നൈജീരിയയിൽ അക്രമികൾ ലക്ഷ്യമിടുന്നതിന് നിരവധി ഘടകങ്ങളുണ്ടാകാം. അത് ഇസ്ലാമിക മതമൗലികവാദം മാത്രമായിരിക്കണമെന്നില്ല. സഭ വളരെ സമ്പന്നമാണെന്ന് വിശ്വസിക്കുന്നതിനാലാണ് സഭയെ ലക്ഷ്യമിടുന്നത്. പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയാൽ സഭ മോചനദ്രവ്യം നൽകുമെന്ന് അവർ കരുതുന്നു. അതിനാൽ തീവ്രവാദികളുടെ ഇടയിൽ തട്ടിക്കൊണ്ടുപോകൽ ഒരു ബിസിനസ്സായി മാറിയിരിക്കുന്നു. തട്ടിക്കൊണ്ടുപോകുന്നവർ പണമുണ്ടെന്ന് കരുതി കത്തോലിക്കാ പുരോഹിതന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നു”- നൈജീരിയൻ കത്തോലിക്കാ പുരോഹിതൻ പറഞ്ഞു.
പശ്ചിമാഫ്രിക്കൻ രാജ്യത്തിലെ വൈദികരെ തട്ടിക്കൊണ്ടുപോകുന്നതിൽ മതവിദ്വേഷത്തിനും ഒരു പങ്കുണ്ട് എന്ന് ഫാ. ഐന പറയുന്നു. വിശ്വാസമുള്ള ആളുകൾക്കെതിരെ, പ്രത്യേകിച്ച് രാജ്യത്തെ ക്രിസ്ത്യാനികൾക്കും കത്തോലിക്കർക്കും എതിരായ അക്രമങ്ങൾ നൈജീരിയയുടെ വടക്കൻ ഭാഗത്ത് അത്യന്തം രൂക്ഷമാണ്. അവിടെ, അനേകം ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ വളരെയധികം കഷ്ടതയനുഭവിക്കുന്നുണ്ട്.