ബൈഡൻ ഭരണകൂടം ക്യൂബയെ യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഭീകരവാദ സ്‌പോൺസർമാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഫ്രാൻസിസ് പാപ്പയുടെ അഭ്യർഥനയെ തുടർന്ന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിന് ക്യൂബ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ക്യൂബയെ തീവ്രവാദ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബൈഡൻ ഭരണകൂടം ചൊവ്വാഴ്ച ഉച്ചയോടെയാണ് നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉത്തര കൊറിയ, സിറിയ, ഇറാൻ എന്നിവ ഉൾപ്പെടുന്ന പട്ടികയിലെ ഒരു രാജ്യമാണ് ക്യൂബ.
ഡൊണാൾഡ് ട്രംപിന്റെ ആദ്യത്തെ ഭരണകാലഘട്ടത്തിന്റെ അവസാന നാളുകളിൽ 2021 ജനുവരി 11 നാണ് ക്യൂബ ഈ പട്ടികയിൽ ഇടംപിടിച്ചത്.
ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നത് ക്യൂബയിൽ ആയിരത്തിലധികം ആളുകൾ രാഷ്ട്രീയ തടവുകാരായി ഉണ്ടെന്നാണ്. തീവ്രവാദ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ക്യൂബയെ നീക്കം ചെയ്യുന്നതിനെ വത്തിക്കാനും പിന്തുണയ്ക്കുന്നുണ്ട്.