ബഷാർ അൽ അസദ് സിറിയയിൽനിന്ന് പലായനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭരണം തകരുകയും ചെയ്ത് ഒരാഴ്ചയിലേറെ ആയിട്ടും ലക്ഷക്കണക്കിന് സിറിയക്കാർക്ക് വർഷങ്ങളായി, പതിറ്റാണ്ടുകളായിപ്പോലും അവരെ വേട്ടയാടുന്ന രണ്ട് ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. അസദിന്റെ രഹസ്യപ്പൊലീസ് പിടികൂടുകയോ, തടവിലാക്കുകയോ ചെയ്തതിനുശേഷം തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്ത് സംഭവിച്ചു? അവരുടെ പീഡനക്കാരെയും കൊലയാളികളെയും ഞങ്ങൾ എങ്ങനെ നിയമത്തിനുമുന്നിൽ കൊണ്ടുവരും?
കാണാതായവർക്കായുള്ള അന്താരാഷ്ട്ര കമ്മീഷൻ പറയുന്നതനുസരിച്ച്, സിറിയയിൽ ഏകദേശം 1,50,000 ആളുകൾ എവിടെയാണെന്നതിന് ഉത്തരമില്ല. അവരിൽ ഭൂരിഭാഗവും അസദ് ഭരണകൂടമോ, അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ തട്ടിക്കൊണ്ടുപോകുകയോ, തടവിലാക്കുകയോ ചെയ്തു. ഓരോ ദിവസം കഴിയുന്തോറും ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ട ഒരാളെ കണ്ടെത്താമെന്ന സിറിയക്കാരുടെ പ്രതീക്ഷകൾ മങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അവർ ഏതെങ്കിലും തരത്തിൽ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. മൃതദേഹങ്ങളുടെ പേരുകളുടെയും ചിത്രങ്ങളുടെയും പട്ടികയിടുന്ന ജയിലിലെയും ആശുപത്രിയിലെയും മതിലുകൾ അവർ പരിശോധിക്കുന്നു. ഒരു അത്ഭുതത്തിനായി കൊതിച്ചുകൊണ്ട് പ്രതീക്ഷയുടെ ഒരു തുള്ളിയിൽ അവർ ചേർന്നുനിൽക്കുന്നു.
അപ്പോഴും അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിന്, നഷ്ടത്തിന് കണക്കുചോദിക്കാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരുന്നവരിൽ ഒരാൾ ഇപ്പോൾ സ്വീഡനിലുള്ള ഇഡ്ലിബിൽ നിന്നുള്ള ഹസെം ഡാകൽ ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മാവൻ നജീബ് 2012 ൽ അറസ്റ്റിലാവുകയും പിന്നീട് കൊല്ലപ്പെട്ടതായി കുടുംബം സ്ഥിരീകരിക്കുകയും ചെയ്തു. അടുത്ത വർഷം അദ്ദേഹത്തിന്റെ സഹോദരൻ അമീറിനെ അറസ്റ്റ് ചെയ്തു. ദമാസ്കസിനടുത്തുള്ള ഭീകരമായ സയ്ദ്നയ ജയിലിലെ മുൻതടവുകാർ 2015 ഏപ്രിൽ പകുതിയോടെ അവിടെ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് അമീറിനെ കാണാതായതായി പറഞ്ഞു. എന്നാൽ ഭരണകൂടം ഒരിക്കലും അദ്ദേഹത്തിന്റെ മരണം അംഗീകരിച്ചില്ല.
“ഇപ്പോൾ ആളുകൾക്ക് സംസാരിക്കാൻ കഴിയുമ്പോൾ അവർ ആളുകളുടെ പേരുകൾ വിളിക്കുന്നു. ജയിലിൽ എന്താണ് സംഭവിച്ചതെന്നും ആരാണ് അദ്ദേഹത്തെ പീഡിപ്പിച്ചത്, ആരാണ് ചോദ്യം ചെയ്തത് എന്നതിനെക്കുറിച്ചും എനിക്ക് വിശദാംശങ്ങൾ ലഭിച്ചു” – ഡാകെൽ തന്റെ സഹോദരനെക്കുറിച്ച് സി. എൻ. എന്നിനോടു പറഞ്ഞു. നിയമത്തിലൂടെയും കോടതികളിലൂടെയും അവരെ ഉത്തരവാദികളാക്കാൻ ഈ (പുതിയ സിറിയൻ) രാജ്യം സ്വന്തം കാലിൽ നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അസദിന്റെ പതനത്തിനുശേഷം ഇഡ്ലിബിൽ നടന്ന ആഘോഷങ്ങൾക്കിടയിൽ ദുഃഖാചരണവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. “അവർ അവരുടെ കുട്ടികളെ ഓർത്ത് വിലപിക്കുന്നു. അതെ, ചെറുത്തുനിൽപ്പിനും പോരാട്ടത്തിനും ശേഷം ഭരണകൂടം വീണു. പക്ഷേ സങ്കടമുണ്ടായിരുന്നു. നമ്മുടെ കുട്ടികൾ എവിടെയാണ്?
“നീതി വരുന്നു, എത്ര സമയമെടുത്താലും ഞങ്ങളുടെ അവകാശം മായ്ക്കപ്പെടില്ല” – ഡാകെൽ ഫേസ്ബുക്കിൽ കുറിച്ചു. സയ്ദ്നായയിൽവച്ച് പീഡനത്തിനിരയായി അമീർ മരിച്ചുവെന്ന് കുടുംബത്തിന് ഇപ്പോൾ ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
12 വർഷമായി തന്റെ സഹോദരന്മാരായ ഹിക്മത്തിന്റെയും അമീറിന്റെയും വാർത്തകൾക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് നാടുകടത്തപ്പെട്ട സിറിയക്കാരനായ മഹ്മൂദ് അൽ ഷഹാബി സി. എൻ. എന്നിനോടു പറഞ്ഞു. “അവരെ കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്റെ അവസ്ഥ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് സിറിയൻ കുടുംബങ്ങൾ പോലെയാണ്. ഞങ്ങൾ ഇതുവരെ പ്രതീക്ഷ കൈവിടില്ല.” ഇതുവരെ തന്റെ സഹോദരങ്ങളെക്കുറിച്ച് അദ്ദേഹത്തിനു ഒരു സൂചനയും ലഭിച്ചിട്ടില്ല.
പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന എല്ലാ സിറിയൻ ജനങ്ങളും ഒരേപോലെ ആവശ്യപ്പെടുന്ന ഒന്നാണ്, തങ്ങൾക്ക് നീതി ലഭിക്കണം എന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾക്കും കാത്തിരിപ്പുകൾക്കും ശമനമുണ്ടാകണമെന്നും അവരുടെ വേദനകൾക്ക് നീതി ലഭിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. അതിനാൽതന്നെ വിമതരുടെ നേതൃത്വത്തിൽ വരുന്ന പുതിയ ഭരണകൂടത്തെ പുതുപ്രതീക്ഷകളോടെയാണ് അവർ നോക്കികാണുന്നത്.