ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തുമ്പോൾ

ചരിത്രപരമായ ഒരു വിജയം കുറിച്ചുകൊണ്ടാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തുന്നത്. ഈ വിജയത്തോടെ രാഷ്ട്രീയ നേട്ടങ്ങൾക്കും പിന്തുണയ്ക്കും ഒപ്പം നിരവധി ചരിത്ര നേട്ടങ്ങൾക്കൂടി അദ്ദേഹത്തെ കാത്തിരിപ്പുണ്ട്.

തുടർച്ചയായിട്ടല്ലാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന രണ്ടാമത്തെയാൾ എന്ന റെക്കോർഡ് ആണ് അതിലെ ഒരു നേട്ടം. ഈ നേട്ടം കൈവരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ഗ്രോവർ ക്ലീവ്ലാൻഡ് ആയിരുന്നു. അമേരിക്കയുടെ ഇരുപത്തിരണ്ടാമത്തേയും ഇരുപത്തി നാലാമത്തെയും പ്രസിഡന്റായിരുന്ന ഇദ്ദേഹം 1885 മുതൽ 1889 വരെയും 1893 മുതൽ 1897 വരെയും ആണ് പ്രസിഡന്റായി സേവനം ചെയ്തത്.

അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കും ട്രംപ്. ഒപ്പംതന്നെ ഇരുപത് വർഷത്തിനിടെ ജനകീയ വോട്ട് നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കനായി ട്രംപ് മാറുമെന്ന് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തുന്നു. യു. എസ്. ചരിത്രത്തിൽ അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന ആദ്യ പ്രസിഡന്റായിരുന്നു ട്രംപ്.

ഈ വിശേഷണങ്ങൾക്കിടയിലും ട്രംപിന്റെ നയങ്ങളും കുടിയേറ്റ വിരുദ്ധ പ്രഖ്യാപനങ്ങളും ഒക്കെയാണ് അദ്ദേഹത്തെ തിരികെ വൈറ്റ് ഹൗസിലേയ്ക്ക് എത്തിച്ചത് എന്നാണ് വിദഗ്ദർ വെളിപ്പെടുത്തുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.