“നമുക്ക് ഭക്ഷണം പോലെതന്നെ പ്രധാനമാണ് സാഹോദര്യവും” എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. മാർസെയിലിലെ അപ്പസ്തോലിക സന്ദർശനത്തിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്. സെപ്റ്റംബർ 22, 23 തീയതികളിൽ 27 മണിക്കൂർ മാത്രം നടന്ന സന്ദർശനത്തിൽ മാർപാപ്പ, പാർശ്വവൽക്കരിക്കപ്പെട്ടവരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
“നമ്മിൽ ഏറ്റവും ചെറിയവരുടെ നിശ്ശബ്ദമായ നിലവിളിയിൽ നാം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്” – പാപ്പ ഓർമപ്പെടുത്തി. മാർസെയിലിലെ സന്ദർശനത്തിൽ, കടലിൽ ജീവൻ നഷ്ടപ്പെട്ട കുടിയേറ്റക്കാർക്കും നാവികർക്കുംവേണ്ടി സമർപ്പിച്ച സ്മാരകം മാർപാപ്പ ആശീർവദിച്ചു. ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്ന് പാപ്പ സന്ദർശിക്കുകയും ദയാവധത്തിനെതിരെ സംസാരിക്കുകയും ചെയ്തു.
“സഭയിലും സമൂഹത്തിലും ദരിദ്രരെ ആശ്ലേഷിക്കണം. അവരെ ശ്രവിച്ചുകൊണ്ട് പുതുതായി ആരംഭിക്കണം. കാരണം, അവർ അക്കങ്ങളല്ല; മുഖങ്ങളാണ്” – മാർപാപ്പ അനുസ്മരിപ്പിച്ചു.