സമൂഹത്തിലെ ദുർബലരെ സംരക്ഷിക്കണം: ഫ്രാൻസിസ് പാപ്പ

ജൈനമതവും കത്തോലിക്കാ സഭയും തമ്മിൽ നടത്തുന്ന മതസൗഹാർദ ചർച്ചകളുടെ ഭാഗമായി വത്തിക്കാനിലെത്തിയ അന്താരാഷ്ട്ര ജൈനമത പ്രതിനിധിസംഘവുമായി നവംബർ 25 ന് ഫ്രാൻസിസ് പാപ്പ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുപുറമെ, മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയിലും സംഘം സന്ദർശിച്ച് ചർച്ചകൾ നടത്തും.

വർത്തമാന കാലഘട്ടത്തിൽ ദരിദ്രരെയും സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും പരിപാലിക്കുന്നതിന് ജൈനമതം പ്രതിബദ്ധതയോടെ നടത്തുന്ന സേവനങ്ങളെ പാപ്പ പ്രത്യേകം അടിവരയിടുകയും അവർക്ക് നന്ദിപറയുകയും ചെയ്തു. ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലുത് വ്യക്തിപ്രധാന്യത്തെ പർവതീകരിക്കുന്നതും നിസ്സംഗതയുമാണെന്നു പറഞ്ഞ പാപ്പ, ബഹുസാംസ്കാരിക സന്ദർഭങ്ങളിൽ ഇത് മറ്റുള്ളവരുടെ അന്തസ്സിനെയും അവകാശങ്ങളെയും പുച്ഛിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെമേൽ ആധിപത്യം പുലർത്താനുള്ള മുറവിളിയുമായി ഒരുകൂട്ടർ ഒരുവശത്തു നിൽക്കുമ്പോൾ മറുവശത്ത് സാമൂഹികസൗഹൃദം, ഐക്യദാർഢ്യം, ശാശ്വതസമാധാനം എന്നിവ കെട്ടിപ്പടുക്കാൻ അധ്വാനിക്കുന്നവരുമുണ്ടെന്ന് പാപ്പ പറഞ്ഞു.

ഈ ക്രിയാത്മകശ്രമങ്ങൾ തടസ്സപ്പെടുന്ന അവസരത്തിലും നിരുത്സാഹപ്പെടാതെ പ്രത്യാശ വിതയ്ക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. തുല്യമായ അവകാശങ്ങളും കടമകളും അന്തസ്സും നൽകി മനുഷ്യനെ സൃഷ്ടിച്ച ദൈവം എല്ലാവർക്കും നൽകിയ ആഹ്വാനം പരസ്പരം സഹോദരങ്ങളായി ജീവിക്കുക എന്നതായിരുന്നുവെന്നും അതിനാൽ സാർവത്രികസാഹോദര്യം എപ്പോഴും ഉയർത്തിപ്പിടിക്കേണ്ട ഒന്നാണെന്നും പാപ്പ പറഞ്ഞു. ഇതുതന്നെയാണ് പൊതുഭവനത്തിന്റെ സംരക്ഷണത്തിനും ഏറെ ആവശ്യമായതെന്നും ഉപസംഹാരമായി പാപ്പ ചൂണ്ടിക്കാട്ടി.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.