ആഗമനകാലം പുണ്യമുള്ളതാക്കാൻ യൗസേപ്പ് പിതാവ് പഠിപ്പിക്കുന്ന വഴികൾ

ആഗമനകാലം ഏറ്റവും ഫലപ്രദമായി ജീവിക്കാൻ നമ്മളെ സഹായിക്കാൻ കഴിയുന്ന വിശുദ്ധനാണ് ഈശോയുടെ വളർത്തുപിതാവായ വി. ജോസഫ്. അതിന് പല കാരണങ്ങളുണ്ട്. യൗസേപ്പ് പിതാവിൽ അസാധാരണമായി വിളങ്ങിനിന്ന അഞ്ച് പുണ്യങ്ങൾ ക്രിസ്തുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കാൻ അനുകരണീയമായ മാതൃകകളാണ്.

1. നിശ്ശബ്ദത

വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്ക് പോലും നാം കേൾക്കുന്നില്ല. വാചലമായ മൗനമാണ് ജോസഫിന്റേത്. ആഴമേറിയ പ്രാർഥനയ്ക്കുവേണ്ട അടിസ്ഥാന മനോഭാവം നിശ്ശബ്ദതയുടേതാണെന്ന് ജോസഫിന്റെ മൗനം നമ്മളെ പഠിപ്പിക്കുന്നു. കോലാഹലങ്ങളിൽ മുഴുകിജീവിക്കുന്നവർക്ക് ദൈവസ്വരം കേൾക്കാൻ കഴിയുകയില്ല. നിശ്ശബ്‌ദതയുടെ കുളിർത്തെന്നലിലാണ് പരിശുദ്ധാത്മാവ് നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നൽകുന്ന ആധികാരികതയാണ് നിശ്ശബ്ദത.

2. പ്രാർഥന

വി. ജോസഫ് പ്രാർഥനയുടെ മനുഷ്യനായിരുന്നു. രക്ഷാകരചരിത്രത്തിലെ ഒരു പ്രധാന പങ്കുവഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയത് ആഴമേറിയ പ്രാർഥനയായിരുന്നു. ദൈവമാതാവായ മറിയത്തിന്റെ ഭാര്യയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളർത്തുപിതാവുമായിരുന്നു ജോസഫ്. ദൈവത്തെ ‘അബാ പിതാവേ’ എന്നുവിളിക്കാൻ ഈശോയെ പഠിപ്പിച്ചത് വി. ജോസഫാണ്. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിന് ഒരു മാനുഷികതലം വരുത്തിക്കൊടുത്തത് യൗസേപ്പ് പിതാവാണന്നു പറയാം. ഈശോയെ പ്രാർഥിക്കാൻ പഠിപ്പിച്ച വി. യൗസേപ്പ് നമ്മളെയും പ്രാർഥിക്കാൻ പഠിപ്പിക്കുമെന്നതിൽ തർക്കമില്ല. വി. യൗസേപ്പ് പിതാവേ, എന്നെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ എന്ന് നമുക്കും പ്രാർഥിച്ചുതുടങ്ങാം.

3. ധൈര്യം 

ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ പല പുരുഷന്മാരും വീഴ്ചവരുത്തുമ്പോൾ വി. യൗസേപ്പ് നമുക്കു തരുന്ന മാതൃക ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയുമാണ്. എതിർപ്പുകൾ അതിജീവിക്കാൻ ദുസ്സഹമായ കാലാവസ്ഥയിൽ കൊടിയ തണുപ്പും കാറ്റും അവഗണിച്ച് മൈലുകൾ താണ്ടി. അവസാനം ഒരു കാലിത്തൊഴുത്തിൽ അവർക്ക് അഭയം കിട്ടി. ഉണ്ണിയേശുവിനെ രക്ഷിക്കാനായി അതിരാവിലെ ഉണർന്ന് ഈജിപ്തിലേക്ക് പാലയനം ചെയ്തു. ബുദ്ധിമുട്ടുകളെ ധൈര്യപൂർവം അഭിമുഖീകരിച്ച യൗസേപ്പ് പിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്തമാതൃകയാണ്. ധൈര്യവാനായ മാന്യനായിരുന്നു വി. യൗസേപ്പ്

4. നൽകുക, സംരക്ഷിക്കുക 

തിരുക്കുടുംബത്തെ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വി. യൗസേപ്പ്. ആശാരിപ്പണി ചെയ്ത കഠിനാധ്വാനി ആയിരുന്നു ജോസഫ്. അന്നന്നത്തെ അപ്പത്തിനായി നെറ്റിയിലെ വിയർപ്പുകൊണ്ട് അധ്വാനിച്ച വ്യക്തിയായിരുന്നു ജോസഫ്. തനിക്കുവേണ്ടി ചിന്തിക്കാതെ, തന്നെ എൽപിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു യൗസേപ്പ് പിതാവിന്റെ ജീവിതലക്ഷ്യം.

ക്രിസ്തുമസിനോട് അടുക്കുമ്പോൾ നമ്മുടെ ആത്മീയജീവിതത്തെ സംരക്ഷിക്കാനും നയിക്കാനും വി. യൗസേപ്പിനോടു നമുക്ക് പ്രാർഥിക്കാം. ഭൗതികതയും കമ്പോളവൽക്കരണവും സുഖാനുഭൂതിയും ഇന്നത്തെ സംസ്കാരത്തിന്റെ ദൈവങ്ങളാകുമ്പോൾ അവ ആധ്യാത്മികതയെ ശ്വാസംമുട്ടിക്കും. ഉണ്ണിയേശുവിനെ നമ്മുടെ കരങ്ങളിലും ഹൃദയങ്ങളിലും വഹിക്കാൻ കഴിയുക ലോകത്തിലുള്ള എല്ലാ സമ്പാദ്യങ്ങളെക്കാളും വലുതാണ്. വി. യൗസേപ്പിതാവിന്റെ ജീവിതം ഇതിന് ഉത്തമ മാതൃകയാണ്.

5. തിരുക്കുടുംബത്തിന്റെ ഭാഗമാവുക 

ഈശോയും മാതാവും യൗസേപ്പിതാവുമടങ്ങുന്ന നസ്രത്തിലെ കൊച്ചുകുടുംബമാണ് ആഗമനകാലത്തിൽ നാം അംഗമാകേണ്ട സ്വപ്നഗ്രഹം. ശരിയായ കുടുംബസ്നേഹത്തിലേക്കും മാതൃവണക്കത്തിലേക്കു നമ്മെ നയിക്കുന്ന പാലമാണ് വി.യൗസേപ്പ്. ഈശോ കഴിഞാൽ പരിശുദ്ധ കന്യകാമറിയത്തെ ഇത്രയധികം ഈ ഭൂമിയിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തി വി. ജോസഫല്ലാതെ മറ്റാരുമല്ല. വി. യൗസേപ്പിതാവിലേക്കു തിരിയുകയും വലിയ കൃപകളും പരിശുദ്ധ മറിയത്തോടുള്ള സ്നേഹവും അറിവും അപേക്ഷിക്കുകയും ചെയ്താൽ, നാം അറിയാതെതന്നെ നമ്മിൽ മാതൃഭക്തി സമൃദ്ധമാകും.

വി. യൗസേപ്പിലേക്കു തിരിഞ്ഞ് ഈശോയോടുള്ള സ്നേഹത്തിലും അറിവിലും വളരാനുള്ള കൃപ യാചിച്ചാൽ മറിയം കഴിഞ്ഞാൽ നമ്മെ സാഹായിക്കാൻ കഴിയുക യൗസേപ്പിതാവിനായിരിക്കും.

ഈശോയെയും മാതാവിനെയും യൗസേപ്പിതാവിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താലേ നമ്മുടെ കുടുംബങ്ങളും ഈ ആഗമനകാലത്ത് തിരുക്കുടുംബമാവുകയുള്ളൂ. അതിനുള്ള ഉത്തമ പാഠപുസ്തകമാണ് നസ്രായനായ വി. യൗസേപ്പ്.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.