വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടുമുണ്ടായ അതിതീവ്രമഴയിലും മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിലും ഉൾപ്പെട്ട കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനത്തിന് തൊഴിൽസംരംഭങ്ങൾ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിനുപുറമെ പ്രളയബാധിതമായ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉൾപ്പെട്ട 503 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുക കൈമാറിയത്; രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.

കെ. സി. ബി. സി. യുടെ കീഴിൽ കേരള സോഷ്യൽ സർവീസ് ഫോറം നേതൃത്വം നൽകുന്ന സഭാതല പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സർവീസിൽനിന്ന് 77 ലക്ഷം രൂപ പശുവളർത്തൽ, ആട് വളർത്തൽ, തയ്യൽ, ഡി. ടി. പി., വർക്ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്‌സറി എന്നിങ്ങനെ വിവിധതരം തൊഴിൽ യൂണിറ്റുകൾക്കായാണ് വിതരണം ചെയ്തിട്ടുള്ളത്.

വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ്, ജീവന എന്നീ സ്ഥാപനങ്ങളിലൂടെയാണ് പരിശീലനം നല്കിയതിനുശേഷം വരുമാനപദ്ധതികൾ കുടുംബങ്ങൾക്ക് ലഭ്യമാക്കിയത്. നേരത്തെ, കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വയനാട്ടിലെ 925 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 9,500 രൂപ വീതം ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടിൽ നല്കിയിരുന്നു. സമാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 150 വിദഗ്ദ്ധരിലൂടെ കൗൺസലിംഗ് നല്കി.

കെ. സി. ബി. സി. ഏറ്റെടുത്തിട്ടുള്ള 100 ഭവനങ്ങളുടെ നിർമാണത്തിന് സ്ഥലം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. കാലതാമസം കൂടാതെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി കെ. എസ്. എസ്. എഫ്. സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.