യുദ്ധം എപ്പോഴും ഒരു പരാജയമാണെന്നും അതിൽ വിജയിക്കുന്നത് നുണയും അസത്യവുമാണെന്നും ഫ്രാൻസിസ് പാപ്പ. നവംബർ ഒന്നിന് സകല വിശുദ്ധരുടെയും തിരുനാളുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ ത്രികാലജപപ്രാർഥന നയിച്ച വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സായുധസംഘർഷങ്ങളെക്കുറിച്ചു പരാമർശിക്കുകയായിരുന്നു പാപ്പ.
പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനുവേണ്ടിയും പാലസ്തീന, ഇസ്രായേൽ, ലെബനോൻ, മ്യാന്മാർ, തെക്കൻ സുഡാൻ തുടങ്ങി യുദ്ധങ്ങൾ മൂലം ക്ലേശിക്കുന്ന എല്ലാ ജനതകൾക്കുവേണ്ടിയും പ്രാർഥിക്കാൻ പാപ്പ ഏവരെയും ആഹ്വാനം ചെയ്‌തു. യുദ്ധമെന്നത് നികൃഷ്ടമായ ഒരു യാഥാർഥ്യമാണെന്ന് അഭിപ്രായപ്പെട്ട പാപ്പ, അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്നും പറഞ്ഞു. സ്വാർഥതാൽപര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂർണ്ണമായ തകർച്ചയുമാണ് യുദ്ധത്തിൽ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. നുണയുടെ മുഖംമൂടിയണിഞ്ഞ യുദ്ധങ്ങളിൽ മനുഷ്യജീവനുകളും പ്രകൃതിയും കെട്ടിടങ്ങളുമെല്ലാം ആക്രമിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയാണെന്ന് പാപ്പ അപലപിച്ചു.