“യുദ്ധം ഭയാനകമാണ്. അത് ദൈവത്തെയും മനുഷ്യരാശിയെയും വ്രണപ്പെടുത്തുന്നു.” ഡിസംബർ ഒന്നാം തീയതി, ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. കൂടാതെ, ലോകത്തിന്റെ സമാധാനത്തിനായി തന്റെ സാമീപ്യവും പ്രാർഥനയും ഫ്രാൻസിസ് മാർപാപ്പ ഉറപ്പുനൽകി.
ആയുധങ്ങളുടെ ഉപയോഗം ഉപേക്ഷിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുമ്പോഴാണ് സമാധാനത്തിന്റെ ഒരു നല്ല പാത സ്വീകരിക്കാൻ സാധിക്കുന്നതെന്നു പറഞ്ഞ പാപ്പ, കുറച്ച് ദിവസങ്ങൾക്കുമുമ്പ് ലെബനനിലുണ്ടായ വെടിനിർത്തലിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു. സിറിയൻ പ്രസിഡന്റായ ബഷാർ അൽ-അസാദ് സർക്കാരിനെതിരെ സിറിയൻ വിമതർ നടത്തിയ പുതിയ ആക്രമണത്തിന്റെ വാർത്തയെ പരാമർശിച്ച്, “നിർഭാഗ്യവശാൽ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ട സിറിയയ്ക്കുവേണ്ടി പ്രാർഥിക്കാൻ എല്ലാ വിശ്വാസികളോടും പാപ്പ ആവശ്യപ്പെട്ടു.
സമാധാനത്തിനായുള്ള അന്വേഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. യുദ്ധത്തിന്റെ ഭീകരതയോട് നിസ്സംഗത നിലനിൽക്കുകയാണെങ്കിൽ, മുഴുവൻ മനുഷ്യകുടുംബവും പരാജയപ്പെടുമെന്നും പാപ്പ ഓർമിപ്പിച്ചു.