“യുദ്ധം എല്ലായ്‌പ്പോഴും ഒരു തോൽവിയാണ്! ഓരോ യുദ്ധവും ഒരു തോൽവിയാണ്!” എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച മധ്യാഹ്നപ്രാർഥനയ്ക്കുശേഷം നടത്തിയ പ്രഭാഷണത്തിൽ, ആയുധങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാൻ അപേക്ഷിച്ചുകൊണ്ട് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ഭീകരപ്രവർത്തനവും യുദ്ധവും ഒന്നിനും ഒരു പരിഹാരമാവില്ല എന്നും, മറിച്ച് നിഷ്കളങ്കരായ അനേകം മനുഷ്യരുടെ മരണത്തിനും സഹനങ്ങൾക്കുംമാത്രമേ കാരണമാവൂ എന്നും ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പു നൽകി. കൂടുതൽ ക്രൂരമായ അക്രമം പൊട്ടിപ്പുറപ്പെടുകയും നൂറുകണക്കിന് ആളുകൾ മരിക്കുകയുംചെയ്ത ഇസ്രായേലിൽനിന്നുള്ള വാർത്തകൾ ഭയത്തോടും സങ്കടത്തോടുംകൂടിയാണ് പിന്തുടരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ആക്രമത്തിലെ ഇരകളുടെ കുടുംബങ്ങൾക്കുവേണ്ടിയും ഭീതിയുടെയും ആകുലതയുടെയും സമയത്തിലൂടെ കടന്നുപോകുന്ന എല്ലാവർക്കുംവേണ്ടിയും താൻ പ്രാർഥിക്കുകയാണെന്നും പാപ്പാ അറിയിച്ചു.
അപ്രതീക്ഷിതമായി, ശനിയാഴ്ചയാണ് ഇസ്രായേലിൽ പലസ്തീനയിൽ നിന്നുള്ള ഹമാസ് തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടത്. നൂറുകണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയായിരുന്നു അക്രമം. ഉടൻ ആകാശമാർഗം പാലസ്തീനയിൽ തിരിച്ചടിച്ചുകൊണ്ട് ഇസ്രായേലിന്റെ പ്രധാനമന്ത്രി, രാജ്യം യുദ്ധത്തിലാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.