
ഇസ്ലാമിക മതമൗലികവാദികൾ ബുർക്കിന ഫാസോയിലെ കത്തോലിക്കർക്കെതിരെ നടത്തുന്ന നിരന്തരമായ ഭീകരാക്രമണങ്ങൾക്കിടയിലും സമീപ വർഷങ്ങളിൽ പൗരോഹിത്യ ദൈവവിളികൾ വർധിക്കുന്നു. പ്രത്യേകിച്ച് അപകടമേഖലകളിൽ സ്ഥിതിചെയ്യുന്ന രൂപതകളിൽ ദൈവവിളികൾ വർധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
തീവ്രവാദവും അക്രമവും ഏറ്റവും കൂടുതൽ ബാധിക്കുന്ന ഈ പ്രദേശങ്ങളിലാണ് ഏകദേശം 40% സെമിനാരികളും ഉള്ളത്. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ അനുസരിച്ച്, 2019-2020 അധ്യയനവർഷത്തിൽ സെയിന്റസ് പീറ്റർ ആൻഡ് പോൾ സെമിനാരിയിൽ മാത്രം 254 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ 2024-2025 ൽ അത് 281 ആയി ഉയർന്നു.
2019 മുതൽ ആഫ്രിക്കൻ രാജ്യത്ത് ഇസ്ലാമിക ഭീകരാക്രമണം നാശം വിതക്കാൻ തുടങ്ങി. അവധിക്കാലത്ത് എല്ലാ വൈദികാർഥികൾക്കും തങ്ങളുടെ വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നാണ് സെമിനാരി റെക്ടർ ഫാ. ഗൈ മൗക്കാസ പറയുന്നത്. കാരണം അത് ചിലപ്പോൾ വളരെയേറെ അപകടത്തിലേക്കു നയിച്ചേക്കാം. ബുർക്കിന ഫാസോയിലെ ലളിതജീവിതം യുവാക്കൾക്ക് തങ്ങളുടെ ജീവിതം കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കാൻ അനുയോജ്യമാണെന്നും ഫാ. മൗക്കാസ പറയുന്നു.