ബുർക്കിന ഫാസോയിൽ യുവജനങ്ങൾ സ്വന്തം സുരക്ഷപോലും അപകടത്തിലാക്കി സെമിനാരിയിൽ പ്രവേശിക്കുന്നത് വർധിച്ചുവരികയാണ്. തീവ്രവാദ ഭീഷണികൾ നിലനിൽക്കുമ്പോഴും അവർ തങ്ങളുടെ ദൈവവിളികളിൽനിന്ന് പിന്തിരിഞ്ഞുപോകുന്നില്ല. അക്രമം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ എന്നിവ ഉണ്ടായിട്ടും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സെമിനാരി വിദ്യാർഥികളുടെ എണ്ണം വർധിച്ചതായി അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റിയായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ (ACN) സമീപകാല റിപ്പോർട്ട് കണ്ടെത്തി.
ഔഗാഡൗഗൗ അതിരൂപതയിലെ കൊസോഗിനിലെ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ സെമിനാരിയിൽ 2019-2020 അധ്യയനവർഷത്തിൽ സെമിനാരി വിദ്യാർഥികളുടെ എണ്ണം 254 ൽ നിന്ന് 2024-2025 ൽ 281 ആയി വർധിച്ചു. ഈ കാലയളവിൽ ദൈവവിളികളുടെ വർധനവ് പ്രത്യേകിച്ചും രസകരമാണ്. കാരണം, ഈ സമയത്താണ് തീവ്രവാദികൾ പള്ളികളെയും പുരോഹിതന്മാരെയും മതബോധന അധ്യാപകരെയും വ്യാപകമായി ആക്രമിച്ചത്.
ഏകദേശം 40% വരുന്ന ഈ സെമിനാരി വിദ്യാർഥികളിൽ പലരും രാജ്യത്തെ ‘റെഡ് സോണുകൾ’ എന്നറിയപ്പെടുന്ന തീവ്രവാദികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ചില പ്രദേശങ്ങളിൽനിന്നുള്ളവരാണ്. റെഡ് സോണുകളിലൂടെ സഞ്ചരിക്കുന്നതിന്റെ അപകടങ്ങൾ കാരണം പല സെമിനാരി വിദ്യാർഥികൾക്കും കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ വീട്ടിലേക്കു പോകാൻ കഴിഞ്ഞില്ല. പകരം, അവർ അവധിക്കാലം രൂപതാകേന്ദ്രങ്ങളിൽതന്നെ താമസിക്കുന്നു.
2022 ൽ പിതാവിനെ കാണാൻ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വൈദികാർഥിയായ മാരീസിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മൃതശരീരം ഇതുവരെയും കണ്ടെത്തിയിട്ടില്ല. എന്നാൽ, വിശ്വാസത്തിനും പൗരോഹിത്യത്തിനും വേണ്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് മാരീസിന്റെ കുടുംബത്തിന് ഉറപ്പുണ്ട്.