സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേരോടെ ഇല്ലാതാക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അനുവദിക്കപ്പെടരുതെന്നും അവരെ വസ്തുക്കളായി കണക്കാക്കുന്ന ചിന്താഗതി തെറ്റാണെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയിലെ റായി ഊനോ റേഡിയോയും സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കാദ്‌മി എന്ന സംഘടനയും ചേർന്നുനടത്തുന്ന ദേശീയ പ്രചാരണസംരംഭത്തിലേക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സ്ത്രീകളെ വസ്തുക്കളായി കണക്കാക്കി, തങ്ങളുടെ കൈവശാവകാശമെന്നു കരുതുന്ന മനഃസ്ഥിതിയും അവരോട് മുൻവിധികളോടെ പെരുമാറുന്ന ഒരു സാമൂഹികവ്യവസ്ഥയും മാറേണ്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരം ചിന്താഗതികൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നവയാണ്. പുരുഷവർഗത്തിന്റെ തെറ്റായ ചിന്താഗതിയുടെ ഫലമായി നിരവധി സ്ത്രീകൾ അതിക്രമങ്ങളേൽക്കുകയും അടിമകളായി കണക്കാക്കപ്പെടുകയും ദുരുപയോഗങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. സ്ത്രീശരീരവും ജീവിതവും തങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്ന ചിന്താഗതിയാലാണ് ഇത്തരം കാര്യങ്ങൾ അരങ്ങേറുന്നത്.

“ഒരുഭാഗത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്നു പറയുകയും സ്ത്രീപുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മറുഭാഗത്ത് സുഖഭോഗചിന്തയും ഉപഭോക്തൃമനോഭാവത്തോടെയുള്ള ജീവിതവുമാണ് പല മാധ്യമങ്ങളും മുന്നോട്ടുവയ്ക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കാനും അവരുടെമേൽ ആധിപത്യം സ്ഥാപിക്കാനുമുള്ള ശക്തി, മാത്സര്യം തുടങ്ങിയ ചിന്തകളിൽ അടിസ്ഥാനമിട്ട വിജയമാനദണ്ഡങ്ങളാണ് സ്ത്രീപുരുഷന്മാർക്കുമുന്നിൽ അവ അവതരിപ്പിക്കുന്നത്. മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കുക എന്ന ചിന്തയുള്ളിടത്ത് ദുരുപയോഗങ്ങൾ ഉണ്ടാകുന്നു. മറ്റുള്ളവരെ തടവുകാരാക്കിവയ്ക്കാനുള്ള ആഗ്രഹം സ്നേഹമല്ല” – പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.