നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 15 ലധികം കത്തോലിക്കാ ഇടവകകൾ അടച്ചുപൂട്ടി

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. വർധിച്ചുവരുന്ന ആക്രമണങ്ങൾ തന്റെ രൂപതയിലെ 15 ലധികം ഇടവകകൾ അടച്ചുപൂട്ടുന്നതിലേക്കു നയിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആഫ്രിക്കയിലെ കോൺസെക്രറ്റഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര ദൈവശാസ്ത്രസമ്മേളനത്തിൽ സംബന്ധിക്കവെയാണ് ബിഷപ്പ് ഇപ്രകാരം വെളിപ്പെടുത്തിയത്. തങ്ങളുടെ നാട്ടിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ അവരുടെ ഭവനങ്ങളിലേക്കു മടങ്ങാൻ പ്രാപ്തരാക്കുന്നതിനുള്ള സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ബിഷപ്പ് അനഗ്ബെ നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒട്ടുക്പോ രൂപതയിലും കത്സിന-അലാ രൂപതയിലും അരക്ഷിതാവസ്ഥയുടെ പേരിൽ ഇടവകകൾ അടച്ചിട്ടിട്ടുണ്ടെന്നു അനഗ്ബെ വ്യക്തമാക്കി. രണ്ടു രൂപതകളും നൈജീരിയയിലെ സംഘർഷബാധിത പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും എണ്ണം വർധിച്ചുവരുന്നതിൽ ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ നൈജീരിയൻ സർക്കാർ പരാജയമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ ദീർഘകാലം അടച്ചുപൂട്ടുന്നത് ഭാവിയിലെ കൊള്ളക്കാരുടെയും തീവ്രവാദികളുടെയും ഒരു തലമുറയെ സൃഷ്ടിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. “ഈ പ്രദേശങ്ങളിലെ സ്‌കൂളുകൾ പത്തുവർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നമ്മൾ ഇപ്പോൾ വളർത്തുന്നത് നമ്മുടെ ഗ്രാമങ്ങളിൽ ഭാവിയിലെ കൊള്ളക്കാരുടെയും ഭീകരരുടെയും ഒരു കൂട്ടമാണ്. കാരണം, കുട്ടികൾക്കിപ്പോൾ വിദ്യാഭ്യാസവും രൂപീകരണവുമില്ല. ഈ വൃത്തികെട്ട പ്രവണത തടയാൻ സർക്കാർ പ്രവർത്തിക്കണം” – അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ നിലവിൽ അനുഭവപ്പെടുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ, കർഷകർക്ക് അവരുടെ ഫാമുകളിലേക്കു മടങ്ങാനും ഭക്ഷണം ഉൽപാദിപ്പിക്കാനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ സർക്കാരിന്റെ പരാജയമാണെന്നും ബിഷപ്പ് അനഗ്ബെ കുറ്റപ്പെടുത്തി.

ദൈവത്തിന്റെ നീതിയിൽ വിശ്വാസമർപ്പിച്ച് പ്രതീക്ഷയോടെ നിലകൊള്ളാൻ കത്തോലിക്കരോടും നൈജീരിയയിലെ എല്ലാ ജനങ്ങളോടും ബിഷപ്പ് അനാഗ്ബെ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.