
വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ ഏപ്രിൽ ആറിന്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ‘വെറോണിക്കയുടെ തൂവാല’ എന്നറിയപ്പെടുന്ന തിരുശേഷിപ്പ് പ്രദർശിപ്പിക്കും. കാൽവരിയിലേക്കുള്ള വഴിയിൽ ക്രിസ്തുവിന്റെ മുഖം തുടച്ച തൂവാലയാണിതെന്നാണ് വിശ്വാസം. കത്തോലിക്കാ സഭയിലെ ഈ പുരാതനമായ ആചാരം ഇതോടെ വീണ്ടും സജീവമാകും.
ഏപ്രിൽ ആറിന് വൈകുന്നേരം (പ്രാദേശിക സമയം) ലുത്തീനിയകൾ ചൊല്ലിക്കൊണ്ട് വിശ്വാസികൾ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കും.’തിരുമുഖം’ എന്നുകൂടി അറിയപ്പെടുന്ന ഈ തിരുശേഷിപ്പ് പ്രത്യേക പ്രാർഥനകളോടെ വിശ്വാസികൾക്കായി ബസിലിക്കയിൽ പ്രദർശിപ്പിക്കും. തുടർന്ന്, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രിസ്റ്റ് കർദിനാൾ മൗറോ ഗാംബെറ്റി ദിവ്യബലി അർപ്പിക്കും.
കുരിശിന്റെ വഴിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഈ തിരുശേഷിപ്പ് കുരിശിന്റെ വഴിയിലേക്കുള്ള യാത്രയിൽ വെറോനിക്ക എന്ന സ്ത്രീ ക്രിസ്തുവിന്റെ മുഖം തുടച്ചതിന്റെ ഓർമ്മയായി ഇന്നും അവശേഷിക്കുന്നു. ഈ തൂവാലയിൽ ക്രിസ്തുവിന്റെ യഥാർഥ മുഖം പതിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. കുരിശിന്റെ തിരുശേഷിപ്പ്, വിശുദ്ധ ലോങ്കിനോസിന്റെ കുന്തത്തിന്റെ തിരുശേഷിപ്പ് എന്നിവയോടൊപ്പം വെറോണിക്കയുടെ തൂവാലയും വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വലിയ പ്രാധാന്യത്തോടെ കരുതപ്പെടുന്നവയാണ്.