അടുത്ത മൂന്നു വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള പത്തുലക്ഷം കുട്ടികൾക്ക് ആരോഗ്യസംരക്ഷണം നൽകാനുള്ള ദൗത്യത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് വത്തിക്കാൻ. ഇതിനായി കുട്ടികളുടെ ആരോഗ്യത്തിനായുള്ള ‘പോപ്സ് ഗ്ലോബൽ അലയൻസ്’ എന്ന പേരിൽ പരിശുദ്ധ സിംഹാസനം ഒരു പുതിയ അന്താരാഷ്ട്ര ശൃംഖല ആരംഭിച്ചു.
2024 മെയ് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് യു. എസ്., ലാഭേച്ഛയില്ലാത്ത സംഘടനയായ ‘പാട്രൺസ് ഓഫ് ദി വേൾഡ്സ് ചിൽഡ്രൻ ഹോസ്പിറ്റലിന്റെ’ നേതൃത്വത്തിൽ ഈ സംരംഭം ആരംഭിച്ചത്: “കുട്ടികളാണ് നമ്മുടെ ഭാവിയുടെ ഉറവിടം. കുട്ടികളോടൊപ്പം നമുക്ക് പുതിയ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയും”- മാർപാപ്പ പറഞ്ഞു.
ലോക ശിശുദിന സംഘാടകരുടെ പത്രക്കുറിപ്പ് അനുസരിച്ച്, ലോകമെമ്പാടുമുള്ള കുട്ടികളെ പരിപാലിക്കുന്നതിനായി ഈ ശൃംഖല സമർപ്പിക്കും. അവർ ശിശുരോഗമേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പിന്തുണ നൽകും. മാർപാപ്പയുടെ ആശുപത്രി എന്ന് വിളിക്കപ്പെടുന്ന റോമിലെ ബാംബിനോ ജെസു ആശുപത്രി, ഈ സംരംഭത്തിന്റെ ആദ്യകേന്ദ്രമായി ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. കുട്ടികളുടെ ആശുപത്രികളിൽ ഉയർന്ന നിലവാരം പുലർത്തുന്ന ‘ബാംബിനോ ജെസു’, അടിയന്തര കേസുകളിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സാങ്കേതികപിന്തുണ നൽകും. അമേരിക്കയിലെ രണ്ട് ആശുപത്രികളും ഈ സംരംഭത്തിന്റെ ഭാഗമാകും.