വത്തിക്കാൻ ജീവനക്കാരുടെ മക്കൾക്കായി ഡേ കെയർ സെന്റർ ആരംഭിക്കും

വത്തിക്കാൻ ജീവനക്കാരുടെ മക്കൾക്കായി ആദ്യ ഡേ കെയർ സെന്റർ പ്രവർത്തനം ആരംഭിക്കും. മൂന്നു മാസം മുതൽ മൂന്നു വയസ്സുവരെ പ്രായമുള്ള 30 കുട്ടികൾക്ക് സേവനം നൽകും. കുട്ടികളുടെ വളർച്ചയ്ക്കും സമഗ്ര വിദ്യാഭ്യാസത്തിനും കുടുംബങ്ങളെ സഹായിക്കുക എന്നതാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം.

വത്തിക്കാൻ ഗവർണറേറ്റ് പറയുന്നതനുസരിച്ച്, ഈ സംരംഭം കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പുതിയ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു. അത് ജീവനക്കാരുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയും അവരുടെ കുട്ടികൾക്ക് സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷം നൽകുകയും ചെയ്യുന്നു.

“കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിനും അനുയോജ്യമായ അറിവ്, കഴിവുകൾ, സ്വയംപര്യാപ്തത എന്നിവ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ ടീമിനൊപ്പം മാതാപിതാക്കൾക്ക് കുട്ടികളെ വിടാൻ കഴിയും” എന്ന് പ്രസ്താവനയിൽ പറയുന്നു. ‘സെയിന്റസ് ഫ്രാൻസിസും ക്ലെയറും’ എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രം വത്തിക്കാനിലെ വിയ സാൻ ലൂക്കയിലുള്ള ഒരു കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇത് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെ തുറന്നിരിക്കും. ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

മതപരമായ ഉദ്യോഗസ്ഥർ, റോമൻ ക്യൂരിയയിലെ ഡിക്കാസ്റ്ററികളിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, സ്വിസ് ഗാർഡിലെ അംഗങ്ങൾ, ഫിനാൻസ്, ലാൻഡ്സ്കേപ്പിംഗ്, ഫുഡ് സർവീസ്, മെയിന്റനൻസ്, ഹെൽത്ത് കെയർ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളിൽ നാലായിരത്തിലധികം പേർ വത്തിക്കാനിൽ ജോലിചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.