ഉക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

ജൂലൈ 23-ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, ഉക്രൈൻ  പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കർദിനാൾ പരോളിനുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും ‘നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും കർദിനാൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും’ പ്രസിഡന്റ് സെലെൻസ്കി എക്‌സിൽ കുറിച്ചു.

ജൂണിൽ, സ്വിറ്റ്‌സർലൻഡിൽ നടന്ന ഉക്രൈനിലെ സമാധാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉച്ചകോടിയുടെ തീരുമാനങ്ങളും സമാധാനം സുഗമമാക്കുന്നതിൽ വത്തിക്കാനിന്റെ പങ്കുമാണ് താനും കർദിനാൾ പരോളിനും പ്രധാനമായും ചർച്ച ചെയ്തതെന്ന് പ്രസിഡന്റ് സെലെൻസ്‌കി വെളിപ്പെടുത്തി. റഷ്യയുടെ നിലവിലുള്ള വ്യോമാക്രമണങ്ങളെക്കുറിച്ചും രാജ്യത്തെ മാനുഷികസാഹചര്യങ്ങളെക്കുറിച്ചും കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന ജി7 കാലത്ത് ഫ്രാൻസിസ് മാർപാപ്പയുമായി പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയുടെ ഫലങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

കർദിനാൾ പരോളിൻ കിയെവിലെ കുട്ടികളുടെ ആശുപത്രിയിൽ സന്ദർശനം നടത്തുകയും രോഗികളെ കാണുകയും ചെയ്തു. ജൂലൈ ഒമ്പതിന് റഷ്യൻ മിസൈൽ ആക്രമണത്തിൽ ഗുരുതരമായി കേടുപാടുകൾ സംഭവിച്ച് ഒരാഴ്ചയ്ക്കുശേഷം, രാജ്യത്തെ ഏറ്റവും വലിയ, കുട്ടികളുടെ ഈ ആശുപത്രി കഴിഞ്ഞയാഴ്ച ആദ്യം ഭാഗികമായി വീണ്ടും തുറന്നു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം റഷ്യ നിഷേധിച്ചു. ഈ ആശുപത്രിയിൽ ചികിത്സയിലുള്ള നിരവധി കുട്ടികൾക്കാണ് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.