സിനഡിൽ പങ്കെടുക്കുന്നവർക്കായി നാലുദിവസത്തെ ധ്യാനമൊരുക്കി വത്തിക്കാൻ

ഒക്ടോബർ നാലിന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതു അസംബ്ലി ആരംഭിക്കുന്നതിനു മുന്നോടിയായി സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നുവരെ റോമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സാക്രോഫനോയിലെ ഫ്രത്തേർണാ ദോമുസ് ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ധ്യാനത്തിൽ സിനഡ് അംഗങ്ങളും സാഹോദര്യപ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പങ്കുചേരും. എക്യുമെനിക്കൽ പ്രാർഥനാജാഗരണമായ ‘ഒരുമിച്ച്’ എന്ന സംഗമത്തിൽ പങ്കെടുത്തതിനുശേഷമാണ് സിനഡിൽ പങ്കെടുത്തവർ ശനിയാഴ്ച വൈകിട്ട് ധ്യാനത്തിനെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം വരെ അവർ ധ്യാനത്തിൽ തുടരും.

രാവിലെ 8.45 -ന് പ്രഭാതപ്രാർഥനയോടെ ആരംഭിക്കുന്ന അവരുടെ ധ്യാനദിനങ്ങളിൽ ബെനഡിക്ടൻ സന്യാസിനിയും മുൻമഠാധിപയുമായ മദർ മരിയ ഇഗ്നാസിയ ആഞ്ചലിനി ഒരു ഹ്രസ്വധ്യാനം നയിക്കും. ഓർഡർ ഓഫ് പ്രീച്ചേഴ്സിന്റെ മുൻ മാസ്റ്റർ ഫാ. തിമോത്തി പീറ്റർ ജോസഫ് റാഡ്ക്ലിഫ് ഞായറാഴ്ച 9.30 -നും 11.30 -നും, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 9.15 -നും 11.30 -നും രാവിലെ രണ്ട് ധ്യാനപ്രസംഗങ്ങൾ വീതം നൽകും.

ധ്യാനിക്കുന്നവർക്ക് നിശ്ശബ്ദവും വ്യക്തിപരവുമായ പ്രാർഥനയ്ക്കും സമയം ലഭിക്കും. ഉച്ചകഴിഞ്ഞ്, പരിശുദ്ധാത്മാവിൽ ഗ്രൂപ്പ് സംഭാഷണങ്ങൾ നടക്കും. പരിശുദ്ധ കുർബാനയ്ക്കുമുന്നോടിയായി വൈകിട്ട് 6.45 -ന് മദർ മരിയ ഇഗ്നാസിയ ആഞ്ചലിനി പ്രസംഗിക്കുന്ന രണ്ടാമത്തെ ധ്യാനവും തുടർന്ന് അത്താഴവും കഴിക്കുന്ന രീതിയിലായിരിക്കും ധ്യാനദിവസങ്ങളിലെ പരിപാടികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.