
ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള ഈശോയുടെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടുകൾക്ക് സാക്ഷ്യംവഹിക്കാനൊരുങ്ങി വത്തിക്കാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറ് പുൽക്കൂടുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ കലാകാരന്മാരുടെ ഭാവനയെയും കലാപരമായ കഴിവുകളെയും കോർത്തിണക്കി നടത്തുന്ന ഈ പുൽക്കൂട് പ്രദർശനം വത്തിക്കാനിലെ ഒരു ക്രിസ്തുമസ്കാല ആകർഷണകേന്ദ്രമാണ്.
1223 -ൽ അസീസിയിലെ വി. ഫ്രാൻസിസ് ആദ്യമായി നിർമ്മിച്ച പുൽക്കൂട് അതിന്റെ 800 -ാമത് വാർഷികം ഈ വർഷം ആഘോഷിക്കുന്ന വേളയിൽ, വത്തിക്കാനിലെ പുൽക്കൂട് പ്രദർശനത്തിന്റെ പ്രസക്തി ഏറെയാണ്. 2023 ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്ച ഇറ്റാലിയൻ സമയം വൈകുന്നേരം നാലുമണിക്കാണ് പ്രദർശനത്തിന്റെ ഉദ്‌ഘാടനം നടക്കുന്നത്. എല്ലാവരെയും വത്തിക്കാനിലേക്ക് ആലിംഗനംചെയ്തു സ്വീകരിക്കുന്ന മാതൃകയിൽ ബെർണിനി വിഭാവനംചെയ്ത സ്തൂപസമുച്ചയത്തിനുള്ളിലാണ് പ്രദർശനം നടക്കുന്നത്. ജനുവരി ഏഴുവരെ എല്ലാ ദിവസവും ഈ പ്രദർശനം കാണാൻ അവസരമുണ്ട്.