
വത്തിക്കാനിൽ ഓശാന ഞായർ തിരുക്കർമ്മങ്ങളുടെ മുഖ്യകാർമ്മികൻ ഫ്രാൻസിസ് പാപ്പായ്ക്കു പകരം കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി ആയിരിക്കും. 36 കർദ്ദിനാൾന്മാരും 30 മെത്രാന്മാരും 300 വൈദികരും സഹകാർമ്മികരായിരിക്കും.
ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നതിനാൽ ഓശാന ഞായറാഴ്ച ഒലിവു ശാഖകളും കുരുത്തോലകളും ആശീർവദിക്കുകയും പ്രദക്ഷിണം നയിക്കുകയും ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്യാനാകാത്തതിനാൽ ഫ്രാൻസീസ് പാപ്പായ്ക്കു പകരം, പാപ്പാ തന്നെ നിയോഗിച്ചതനുസരിച്ച്, പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി ആയിരിക്കും പ്രധാന കാർമ്മികൻ.
ഈ തിരുക്കർമ്മത്തിൽ ആശീർവ്വദിച്ച് വിശ്വാസികൾക്ക് നല്കുന്നതിനായി രണ്ടുലക്ഷം ഒലിവു ശാഖകൾ ഇറ്റലിയിലെ ഇരുപതു ഭരണപ്രദേശങ്ങളിൽ ഒന്നായ ലാത്സിയൊയിലെ ഒരു സംഘടനയായ ‘ലെ ചിത്താ ദെല്ലോലിയൊ ദെൽ ലാത്സിയൊ’ (Le Città dell’Olio del Lazio) സംഭാവന ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം നല്കിയതിൻറെ ഇരട്ടിയാണ്.