![drc](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/drc.jpeg?resize=500%2C281&ssl=1)
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ സമാധാനം സംരക്ഷിക്കുന്നതിനുള്ള മാർപാപ്പയുടെ അഭ്യർഥന ആവർത്തിച്ച് അപ്പസ്തോലിക് ന്യൂൺഷ്യോ ഏറ്റോർ ബാലെസ്ട്രെറോ. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ മുപ്പത്തിയേഴാമത് പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച വേളയിലാണ് അദ്ദേഹം വത്തിക്കാന്റെ അഭ്യർഥന അദ്ദേഹം വീണ്ടും അനുസ്മരിപ്പിച്ചത്.
ആവർത്തിച്ചുള്ള സംഘർഷങ്ങൾ ഇതിനോടകം സാധാരണക്കാരായ ജനങ്ങളുടെ വൻതോതിലുള്ള കുടിയിറക്കത്തിനും ദാരുണമായ ജീവഹാനിക്കും മനുഷ്യാവകാശ ലംഘനങ്ങളിലുള്ള ആശങ്കാജനകമായ വർധനവിനും ഇടയാക്കിയിട്ടുണ്ട്. ഇതിനെ പരിശുദ്ധ സിംഹാസനം ശക്തമായി അപലപിക്കുന്നുവെന്നും, ശത്രുതാ നടപടി അവസാനിപ്പിക്കാനും സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിക്കുന്നുവെന്നും കൗൺസിലിന്റെ പ്രത്യേക സെഷനിൽ അദ്ദേഹം ആവർത്തിച്ചു.
സംഘർഷം തുടരുന്ന കിഴക്കൻ ഡി ആർ സി യിലെ ഏറ്റവും വലിയ നഗരമായ ഗോമ കഴിഞ്ഞ ആഴ്ച സൈന്യം പിടിച്ചെടുത്തു. സംഘർഷങ്ങളുടെ നടുവിൽ അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ടു കഴിയുന്നവർക്കും ഗുരുതരമായി പരിക്കേറ്റവർക്കും മാനുഷിക സഹായം എത്തിക്കുന്നതിനുമായി, ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഗോമ വിമാനത്താവളം ഉടൻ തുറക്കണമെന്നും വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടു.