ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും പ്രവർത്തിക്കുന്നതും വത്തിക്കാന്റെ വിശ്വാസതിരുസംഘം (Dicastery for the Doctrine of Faith) വിലക്കി. സാമൂഹ്യവിരുദ്ധ സംഘടനകളിൽ രൂപതകളിൽനിന്നുള്ള അംഗങ്ങൾ ചേരുന്നതിലുള്ള ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തിക്കൊണ്ട് ദുമാംഗേത്തെ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ ഹുലിറ്റോ കോർത്തെസ് ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ്, വത്തിക്കാൻ മുൻപ് പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഒരിക്കൽക്കൂടെ പ്രഖ്യാപിച്ചത്.
ഉപദേശപരമായ തലത്തിൽ, കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടുകാരണം ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് ഡിക്കാസ്റ്ററി ആവർത്തിച്ചു. ഈ സംഘടനകളിൽ രജിസ്റ്റർചെയ്തിട്ടുള്ള ഏതൊരു സഭാവിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡിക്കസ്റ്ററി അടിവരയിട്ടുപറഞ്ഞു. കൂടാതെ, കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും മതബോധനം നടത്തണമെന്നും ഡിക്കാസ്റ്ററി ആവശ്യപ്പെട്ടു.
ഫ്രീമേസൺ സംഘടനകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കത്തോലിക്കർ ‘ഗുരുതരമായ പാപത്തിന്റെ അവസ്ഥയിലാണ്’ എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അംഗീകാരത്തോടെ അന്നത്തെ കർദിനാൾ ജോസഫ് റാറ്റ്സിംഗറും കോൺഗ്രിഗേഷൻ സെക്രട്ടറി ജെറോം ഹാമറും ഒപ്പിട്ട പ്രഖ്യാപനം ഇന്നും നിലനിൽക്കുന്നതായും വിശ്വസതിരുസംഘത്തിന്റെ ഡിക്കാസ്റ്ററി ആവർത്തിച്ചു.