
8,000 -ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ തുർക്കി – സിറിയ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തമായി വിവിധ ക്രൈസ്തവ സന്നദ്ധസംഘടനകൾ. മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാശനഷ്ടങ്ങളുടെ കണക്ക് അതിലധികമാണ്. എല്ലാം തകർന്നടിഞ്ഞ ദുരിതബാധിതപ്രദേശത്തെ ആളുകൾക്ക് സഹായഹസ്തമായി നിരവധി രാജ്യങ്ങളും സന്നദ്ധസംഘടനകളുമാണ് മുന്നോട്ടു വരുന്നത്.
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിലുണ്ടായ അടിയന്തരാവസ്ഥയിൽ ഏകദേശം 2,00,000 ഡോളറിന്റെ സഹായമാണ് സ്പെയിനിൽ നിന്നുള്ള കാരിത്താസ് സംഘടന നൽകിയിരിക്കുന്നത്. തുർക്കിയിൽ ഏറ്റവും കൂടുതൽ ദുരിതബാധിതപ്രദേശം അനറ്റോലിയ രൂപതയാണ്. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ഇസ്കെൻഡറുൺ നഗരത്തിലെ അതിന്റെ കത്തീഡ്രൽ പൂർണ്ണമായും തകർന്നു. കടുത്ത ശൈത്യമുള്ള ദുരിതബാധിതമേഖലകളിൽ ആളുകൾക്ക് ഏറ്റവും ആവശ്യം ഭക്ഷണവും, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുമാണ്.
തുർക്കിയിലും സിറിയയിലും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഇറ്റലിയിലെ കത്തോലിക്കാ സഭ ആദ്യഗഡു ആയി നൽകിയിരിക്കുന്നത് അഞ്ചു ലക്ഷം യൂറോയാണ്. ആഭ്യന്തരയുദ്ധത്തിന്റെ കെടുതികൾ ഇപ്പോഴും ബാധിച്ചിരിക്കുന്ന സിറിയയെയും ഭൂകമ്പം സാരമായിത്തന്നെ ബാധിച്ചു. എല്ലാം നഷ്ടമായ ആളുകൾക്ക് അഭയം നൽകാൻ സലേഷ്യൻ വൈദികർ തങ്ങളുടെ ആശ്രമം തുറന്നിട്ടിരിക്കുകയാണ്.
25,000 -ത്തിലധികം ആളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്. ദുരിതബാധിതപ്രദേശത്ത് രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.