നികുതി നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സൊസൈറ്റി ഓഫ് ജീസസ് എന്ന മിഷനറി സംഘടനയെയും അതിന്റെ രാജ്യത്തെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവിട്ട് നിക്കരാഗ്വൻ ഭരണകൂടം. ജെസ്യൂട്ട് ഫാദേഴ്‌സ് നടത്തുന്ന മനാഗ്വയിലെ സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടുകയും യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ജെസ്യൂട്ട് പുരോഹിതസമൂഹത്തെ പുറത്താക്കുകയും സർവകലാശാലയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തശേഷം കത്തോലിക്കാ മിഷനറിമാർക്കെതിരെ രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണകൂടമെടുക്കുന്ന അടുത്ത നടപടിയാണ് സൊസൈറ്റി ഓഫ് ജീസസ്സിനെതിരെ നടന്നത്. 1960 -ൽ സ്ഥാപിതമായ മനാഗ്വയിലെ സ്വകാര്യ സർവകലാശാല ഇക്കഴിഞ്ഞ ആഗസ്റ്റ് 23, ബുധനാഴ്ചയാണ് അടച്ചുപൂട്ടിയത്.
നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ, തന്റെ സ്വേച്ഛാധിപത്യത്തെ വിമർശിക്കുന്ന രാജ്യത്തെ കത്തോലിക്കാസഭയെ കഴിഞ്ഞ അഞ്ചുവർഷങ്ങളായി ആസൂത്രിതമായി ലക്ഷ്യമിടുകയാണ്. എന്നാൽ നിക്കരാഗ്വയിൽനിന്ന് നിരോധിക്കപ്പെട്ട ആദ്യത്തെ മിഷനറീസ്, സൊസൈറ്റി ഓഫ് ജീസസ്സ് അല്ല; കഴിഞ്ഞവർഷം മിഷനറീസ് ഓഫ് ചാരിറ്റിയെ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു. മിഷനറിമാർക്ക് മിനിസ്ട്രി ഓഫ് ഫാമിലി, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ എന്നീ മന്ത്രാലയങ്ങളിൽനിന്നും രാജ്യത്ത് പ്രവർത്തിക്കാനുള്ള അനുമതിയില്ല എന്നാരോപിച്ചായിരുന്നു പുറത്താക്കൽ. ആഭ്യന്തരമന്ത്രാലയത്തിനു സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിൽ അപാകതകളുണ്ടെന്നതായിരുന്നു മറ്റൊരു കാരണം.
ഒർട്ടേഗയുടെ ഇത്തരത്തിലുള്ള നടപടിക്കെതിരെ പ്രതിഷേധശബ്ദമുയർത്തുകയാണ് അമേരിക്കയിലെ ചില അധികാരികൾ. അമേരിക്കയിലെ നോട്രെ ഡാം സർവകലാശാലയുടെ പ്രസിഡന്റായ ജോൺ ഐ. ജെങ്കിൻസ് ഒർട്ടേഗയുടെ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതിഷേധമറിയിച്ചത്.
നിക്കരാഗ്വയിലെ കത്തോലിക്കാസഭയെ നശിപ്പിക്കാനുള്ള ഒർട്ടേഗയുടെ ശ്രമത്തെ അപലപിച്ച ജെങ്കിൻസ്, തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി, നാടുകടത്തപ്പെട്ട നിക്കരാഗ്വൻ പൗരാവകാശ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന, രാജ്യത്തെ കത്തോലിക്കാ സഭയ്ക്കെതിരെ നടന്ന അക്രമങ്ങളുടെ റിപ്പോർട്ടും അതിലെ കണക്കുകളും നിരത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന 529 ആക്രമണങ്ങളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 90 ആക്രമണങ്ങളും നടന്നു. തന്റെ ദുർഭരണത്തിന് തടസ്സമാകുന്ന നിക്കരാഗ്വയിൽ, അവശേഷിക്കുന്ന അവസാനത്തെ സ്വതന്ത്ര കമ്മ്യൂണിറ്റി സഭയായതുകൊണ്ടാണ് ഒർട്ടേഗ സഭയെ ലക്ഷ്യംവയ്ക്കുന്നതെന്നാണ് ജെങ്കിൻസ് പറയുന്നത്.
“ഭരണകൂടം മാധ്യമങ്ങളെയും മറ്റു സ്ഥാപനങ്ങളെയും രാഷ്ട്രീയപാർട്ടികളെയും എൻ.ജി.ഒകളെയും കൈക്കലാക്കിക്കഴിഞ്ഞു. രാജ്യത്ത് ഇപ്പോൾ എതിർശബ്ദം അവശേഷിക്കുന്ന ഒരേയൊരു ഇടം സഭയാണ്” – മോളിന വിശദീകരിക്കുന്നു. നിക്കരാഗ്വൻ ജനത സുവിശേഷം കേൾക്കാതിരിക്കാൻ, സഭയെ പൂർണ്ണമായും ഉന്മൂലനം ചെയ്യാനാണ് സർക്കാർ ഉദേശിക്കുന്നതെന്നും അവർ പറഞ്ഞു.
ഒരു കത്തോലിക്കാ സർവകലാശാലയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഈ പീഡനത്തിനെതിരെ മറ്റു സർവകലാശാലാ നേതൃത്വത്തെയും നേതാക്കന്മാരെയും അണിനിരത്താൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള നേതാക്കൾ ഒർട്ടേഗയെ ഏറ്റവും രൂക്ഷമായ ഭാഷയിൽ അപലപിക്കണം. കത്തോലിക്കാ സഭയെയും ആരാധനാസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ‘അപ്രത്യക്ഷമാക്കാൻ’ ശ്രമിക്കുന്ന ഒർട്ടേഗ ഭരണകൂടത്തെ അന്താരാഷ്‌ട്രസമൂഹം ഒറ്റപ്പെടുത്തണമെന്നും ജെങ്കിൻസ് അഭിപ്രായപ്പെട്ടു.