![UNICEF,-financial-assistance,-Ukrainian-refugee-families](https://i0.wp.com/www.lifeday.in/wp-content/uploads/2023/08/UNICEF-financial-assistance-Ukrainian-refugee-families.jpg?resize=696%2C435&ssl=1)
ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ബുദാപെസ്റ്റ് സിറ്റി, മെട്രോപൊളിറ്റൻ ഫൗണ്ടേഷൻ ഫോർ സോഷ്യൽ പോളിസി, ഹംഗേറിയൻ റെഡ്ക്രോസ് എന്നിവയുമായി സഹകരിച്ച് ഇതുവരെ 800 ഉക്രേനിയന്‍ അഭയാർഥി കുടുംബങ്ങൾക്ക് 1,400 കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായുള്ള സാമ്പത്തികസഹായം നൽകി. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 5.8 ദശലക്ഷത്തിലധികം ആളുകൾ – ഉക്രൈനിലെ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുകയും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്തിട്ടുണ്ട്.
ഹംഗറിയിൽ താൽക്കാലിക സംരക്ഷണത്തിനായി രജിസ്റ്റർ ചെയ്ത 36,000 ഉക്രേനിയൻ കുടുംബങ്ങളിൽ പലരും തങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ പാർപ്പിടം, വിദ്യാഭ്യാസ സാമഗ്രികൾ, ആരോഗ്യസംരക്ഷണം എന്നിവ നൽകാൻ ബുദ്ധിമുട്ടുകയാണ്. “ലോകമെമ്പാടുമുള്ള മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്ഥിരത ഉറപ്പാക്കുക എന്നതാണ് ഒന്നാമത്തെ മുൻഗണന” എന്ന് ഹംഗറിയിലെ യൂണിസെഫ് സോഷ്യൽ പോളിസി ഓഫീസർ ഹദീൽ അഹ്മദ് വിശദീകരിച്ചു.
“ആതിഥേയരാജ്യത്തെത്തുന്ന അഭയാർഥികൾ ഉയർന്ന ജീവിതച്ചെലവ്, കുറച്ച് തൊഴിലവസരങ്ങൾ, പുതിയ ഭാഷ പഠിക്കൽ തുടങ്ങി ഒന്നിലധികം വെല്ലുവിളികൾ നേരിടുന്നു. താൽക്കാലിക പരിരക്ഷ ലഭിച്ചവരും ബുദാപെസ്റ്റിൽ താമസിക്കുന്നവരുമായ കുട്ടികളുള്ള ഉക്രേനിയന്‍ പൗരന്മാരും യുക്രേനിയന്‍-ഹംഗേറിയൻ പൗരന്മാരുമാണ് ധനസഹായപിന്തുണയ്ക്ക് അർഹതയുള്ളവർ. ജനസംഖ്യ, അഭയാർഥികൾ, കുടിയേറ്റക്കാർ എന്നിവയ്ക്കായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫീസ് പോലുള്ള നിരവധി ദാതാക്കളിലൂടെയാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും യൂണിസെഫിന്റെ പിന്തുണ സാധ്യമാക്കുന്നത്.