ഉക്രൈനിലെ പ്രതിരോധമരുന്ന് വിതരണ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനായി ജീവൻരക്ഷയ്ക്കായുള്ള പ്രതിരോധമരുന്നിന്റെ രണ്ടുലക്ഷത്തി നാല്പത്തിനായിരത്തോളം ഡോസുകൾ ഉക്രൈനിലെത്തിച്ചതായി യൂണിസെഫ് അറിയിച്ചു. രാജ്യത്തുടനീളമുള്ള കുട്ടികൾക്ക് പോളിയോ, ഡിഫ്തീരിയ തുടങ്ങിയ അപകടകരമായ രോഗങ്ങളിൽനിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഈ മരുന്നുകൾ എത്തിച്ചത്.
പ്രതിരോധമരുന്നുകളാൽ തടയാൻ സാധിക്കുന്ന അസുഖങ്ങളിൽനിന്ന് രക്ഷനേടാൻ കുട്ടികൾക്ക് അവകാശമുണ്ടെന്നും ഉക്രൈനുനേരെയുള്ള യുദ്ധം സൃഷ്ടിക്കുന്ന കനത്ത വെല്ലുവിളികൾക്കിടയിലും പ്രതിരോധമരുന്നുകളുടെ വിതരണം ഉറപ്പാക്കേണ്ടതുണ്ടെന്നും യൂണിസെഫ് ഉക്രൈൻ പ്രതിനിധി മുറാത് സാഹിൻ പറഞ്ഞു. ഉക്രൈനിലെ എല്ലാ കുട്ടികൾക്കും ഈ വാക്സിൻ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയായാണ് യൂണിസെഫ് കരുതുന്നതെന്നും യൂണിസെഫ് പ്രതിനിധി വ്യക്തമാക്കി.
ജപ്പാൻ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെയാണ് കുട്ടികൾക്കായി ഈ സഹായമെത്തിക്കാൻ യൂണിസെഫിനു സാധിച്ചത്. 2022-2023 കാലയളവിലായി ഏതാണ്ട് രണ്ടുകോടി തൊണ്ണൂറുലക്ഷം വാക്സിനുകൾ ഉക്രൈനിലെത്തിക്കാൻ യൂണിസെഫിനായിട്ടുണ്ട്.