കാരബാക്കിൽ നിന്നുള്ള അഭയാർഥികൾക്ക് വിദ്യാഭ്യാസ സഹായവുമായി യുനെസ്‌കോ

കാരബാക്ക് പ്രദേശത്തുനിന്ന് രക്ഷതേടി അർമേനിയയിലെത്തിയ അഭയാർഥികൾക്ക് വിദ്യാഭ്യാസ-മാനസികാരോഗ്യസഹായങ്ങൾ എത്തിക്കുമെന്ന് യുനെസ്‌കോ ഉറപ്പുനൽകി. തങ്ങളുടെ രാജ്യത്തേക്കെത്തിയ അഭയാർഥികൾക്ക് സഹായമെത്തിക്കാൻ ഐക്യരാഷ്ട്രസഭയോട് അർമേനിയ നടത്തിയ അഭ്യർഥനയെത്തുടർന്നാണ് ഈ നീക്കം.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാണ്ട് ഒരുലക്ഷത്തിലധികം ആളുകളാണ് കാരബാക്ക് പ്രദേശത്തുനിന്ന് അഭയംതേടി അർമേനിയയിലെത്തിയത്. ഇവരിൽ മൂന്നിലൊന്നും കുട്ടികളും ചെറുപ്പക്കാരുമാണ്. വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടരാനും മാനസികാരോഗ്യസഹായം ഉറപ്പാക്കാനും യുനെസ്‌കോ പിന്തുണ നൽകും. ഒക്ടോബർ രണ്ട് തിങ്കളാഴ്ചയാണ് അർമേനിയ യുനെസ്‌കോയുടെ സഹായം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ഇതിനോട് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസ്സൂലായ് ഉടൻ അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

വരുംദിനങ്ങളിൽ, ദേശീയ അധികാരികളുമായി ചേർന്ന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കാൻവേണ്ടിയുള്ള ഒരു കർമ്മപദ്ധതി വികസിപ്പിക്കുന്നതിനായി യുനെസ്കോ, വിദഗ്‌ധരുടെ ഒരു സംഘത്തെ അർമേനിയയിലേക്കയയ്ക്കും. ഒക്ടോബർ അഞ്ച്, വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഒരു പത്രക്കുറിപ്പിലൂടെ യുനെസ്കോ പുറത്തുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.