സ്കൂളുകളിൽ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാസംഘടനയായ യുനെസ്കോ. വിദ്യാർഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനമായ നവംബർ ഏഴിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് സ്‌കൂളുകൾ വിദ്യാർഥികൾക്ക് സുരക്ഷിതമായ ഒരിടമാക്കി മാറ്റേണ്ടതിലേക്ക് യുനെസ്കോ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
സൈബർ ഭീഷണി ഉൾപ്പെടെ, വാക്കുകളാലും പ്രവൃത്തികളാലും മാനസിക ഉപദ്രവങ്ങളാലും വിദ്യാർഥികൾക്കെതിരെ നടത്തുന്ന അക്രമണങ്ങൾക്ക് അറുതിവരുത്തണമെന്ന് യുനെസ്കോ സംഘടന ആവശ്യപ്പെട്ടു. ലോകത്ത് 32 രാജ്യങ്ങളിൽ മാത്രമാണ് സ്‌കൂളുകളിൽ വിദ്യാർഥികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സമഗ്രമായ നിയമവ്യവസ്ഥ നിലനിൽക്കുന്നതെന്നും യുനെസ്കോ ഓർമിപ്പിച്ചു.
“സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും അറിവ് നേടാനും തങ്ങളുടെ നല്ല കഴിവുകൾ വളർത്താനുമുള്ള അവസരമൊരുക്കണം. സുരക്ഷിതത്വവും സ്വീകാര്യതയും അനുഭവപ്പെടുന്ന സാഹചര്യമൊരുക്കണം” – യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസൂലായ് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളുടെ വളർച്ചയോടെ, കുട്ടികൾ സ്‌കൂളുകൾക്കു പുറത്തും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും ഓഡ്രെ അസൂലായ് ഓർമിപ്പിച്ചു.
വിദ്യാഭ്യാസരംഗത്തുള്ള എല്ലാത്തരം ആക്രമണങ്ങൾക്കുമെതിരെ പൊതുവായ വികാരമുണർത്താൻ വിദ്യാർഥികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയുള്ള അന്താരാഷ്ട്രദിനം സഹായകമാകട്ടെയെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആശംസിച്ചു.